വ്യാഴാഴ്ച മുതല്‍ അഞ്ച് ദിവസം ബാങ്കുകള്‍ അവധി

ന്യൂഡെല്‍ഹി: രാജ്യത്ത് കേരളമടക്കുള്ള വിവിധ സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പൊതു മേഖലാ ബാങ്കുകള്‍ക്കും സ്വകാര്യ ബാങ്കുകള്‍ക്കും അവധി ബാധകമാണ്. കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ബാങ്കുകളാണ് അഞ്ചുദിവസം അടച്ചിടുക.

വ്യാഴാഴ്ച മുഹറം, വെള്ളി -ഒന്നാം ഓണം, ശനി -തിരുവോണം, ഞായര്‍ -അവധി, തിങ്കളാഴ്ച ശ്രീ നാരായണ ഗുരു ജയന്തി എന്നീ ദിവസങ്ങളിലായിരിക്കും ബാങ്കുകള്‍ക്ക് അവധി. ഓഗസ്‌റ്റിൽ 15 അവധി ദിവസങ്ങളാണ് ബാങ്കിനുള്ളത്. പൊതുമേഖല ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, കോര്‍പറേറ്റീവ് ബാങ്കുകള്‍, പ്രദേശിക ബാങ്കുകള്‍ ഉള്‍പ്പെടെ ഈ അഞ്ചുദിവസം പ്രവര്‍ത്തിക്കില്ല.

ആര്‍ ബി ഐ പുറത്തുവിട്ട കലണ്ടര്‍ അനുസരിച്ച് ഓഗസ്റ്റ് മാസത്തില്‍ ആകെ 15 ദിവസമാണ് ബാങ്കുകള്‍ക്ക് അവധി. ഇതില്‍ 8 ദിവസം ആര്‍ബിഐ കലണ്ടര്‍ പ്രകാരമുള്ള അവധികളും ബാക്കി ദിവസങ്ങള്‍ വാരാന്ത്യ അവധികളുമാണ്. എന്നിരുന്നാലും വിവിധ സംസ്ഥാനങ്ങളിലെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ പരസ്പരം വ്യത്യാസപ്പെടാമെന്നും അറിയിപ്പില്‍ പറയുന്നു.