ജമ്മു കശ്മീരിൽ വീണ്ടും ഡ്രോണുകൾ കണ്ടെത്തി; പാകിസ്ഥാൻ്റേതെന്ന് സംശയം

ശ്രീനഗർ : സംശയാസ്പദമായ സാഹചര്യത്തിൽ ജമ്മു കശ്മീരിൽ വീണ്ടും ഡ്രോണുകൾ കണ്ടെത്തി. മൂന്ന് ഡ്രോണുകളാണ് കണ്ടെത്തിയത്. സാമ്പ ജില്ലയിൽ രാത്രിയോടെയായിരുന്നു സംഭവം.വിജയ്പൂർ, രാംഗഡ്, ഗർവാൾ എന്നീ മേഖലകളിലാണ് ഡ്രോണുകൾ കണ്ടെത്തിയത്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ സേന പരിശോധന ആരംഭിച്ചു. മൂന്ന് മേഖലകളിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പാകിസ്താനാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം. ജൂണിൽ ജമ്മു കശ്മീർ വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ അടിക്കടി അതിർത്തി കടന്ന് ഡ്രോണുകൾ എത്തുന്നുണ്ട്.

സൈനിക വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയാണോ ഇത്തരം ഡ്രോണുകൾ എത്തുന്നത് എന്നാണ് സംശയം. അതേസമയം ജമ്മു കശ്മീരിൽ രാത്രി സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണമുണ്ടായി.

കുപ്വാരയിലെ സർക്കാർ സ്‌കൂളിന് മുൻപിൽ പട്രോളിംഗ് നടത്തുകയായിരുന്ന ജവാന്മാർക്ക് നേരെയായിരുന്നു 9.30 ഓടെ ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.