ജർമൻ ഫുട്ബോൾ ഇതിഹാസം ഗേർഡ് മുള്ളർ അന്തരിച്ചു

മ്യൂണിച്ച്‌: ജര്‍മനിയുടേയും ബയേണ്‍ മ്യൂണിച്ചിന്റേയും എക്കാലത്തെയും മികച്ച താരമായ ഗേര്‍ഡ് മുള്ളര്‍ അന്തരിച്ചു. 75 വയസായിരുന്നു.

1972 ല്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്, 1974 ല്‍ ഫുട്ബോള്‍ ലോകകപ്പ്, ക്ലബ്ബ് ലോകകപ്പ്, മൂന്ന് യൂറോപ്യന്‍ കപ്പുകള്‍, നാല് തവണം ബുണ്ടസ്ലിഗ കിരീടം എന്നിവ നേടി. 1970 ലെ ബാലന്‍ ദി ഓര്‍ ജേതാവും മുള്ളറായിരുന്നു.

ബുണ്ടസ്ലിഗയില്‍ 365 ഗോളുകള്‍ എന്ന മുള്ളറിന്റെ നേട്ടം ഇന്നും തകര്‍ക്കാതെ നിലനില്‍ക്കുകയാണ്. ഒരു സീസണില്‍ 40 ഗോളെന്ന മുള്ളറിന്റെ റെക്കോര്‍ഡ് പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോസ്കി കഴിഞ്ഞ സീസണില്‍ മറികടന്നിരുന്നു.

രണ്ട് ലോകപ്പില്‍ നിന്നായി 14 ഗോളുകളാണ് മുള്ളര്‍ നേടിയത്. 1972 ല്‍ തന്റെ കരിയറിലെ മികച്ച ഫോമില്‍ കളിച്ച താരം രാജ്യത്തിനും ക്ലബ്ബിനുമായി കേവലം 69 മത്സരങ്ങളില്‍ നിന്ന് 85 തവണ സ്കോര്‍ ചെയ്തു. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം അര്‍ജന്റീനന്‍ താരം ലയണല്‍ മെസി 91 ഗോളുകള്‍ നേടി മുള്ളറിന്റെ റെക്കോര്‍ഡ് മറികടന്നു.

ബയേണിന് ഇന്ന് കറുത്ത ദിനമാണ്. ഗേര്‍ഡ് മുള്ളര്‍ എക്കാലത്തെയും മികച്ച സ്ട്രൈക്കര്‍ ആയിരുന്നു. നല്ല വ്യക്തിത്വത്തിന്റെ ഉടമയും ഫുട്ബോള്‍ ലോകത്ത് ഏറെ സ്വീകാര്യനുമായിരുന്നു അദ്ദേഹം,” ബയേണിന്റെ പ്രസിഡന്റ് ഹെര്‍ബെര്‍ട്ട് ഹൈനര്‍ പറഞ്ഞു.