ന്യൂഡെൽഹി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സാമഗ്രികൾ നിരോധിച്ച് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം വിജ്ഞാപനമിറക്കി. ‘പ്ലാസ്റ്റിക് വെയ്സ്റ്റ് മാനേജ്മെന്റ് (ഭേദഗതി) ചട്ടം 2021’ പ്രകാരം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ 2022-ഓടെ നിരോധിക്കും. ഈ വിഭാഗത്തിൽപെടുന്ന പ്ലാസ്റ്റിക് ഗുരുതര പരിസ്ഥിതിപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.
*2022 ജൂലായ് ഒന്നുമുതൽ പോളിസ്റ്ററീൻ, എക്സ്പാൻഡഡ് പോളിസ്റ്ററീൻ അടക്കം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉത്പാദനം, ഇറക്കുമതി, ശേഖരിച്ചുവെക്കൽ, വിതരണം, വിൽപ്പന എന്നിവ അനുവദിക്കില്ല.
*പ്ലാസ്റ്റിക് തണ്ടോടുകൂടിയ ഇയർ ബഡ്സ്, ബലൂണുകളുടെ തണ്ടുകൾ, പ്ലാസ്റ്റിക് കൊടികൾ, മിഠായിത്തണ്ടുകൾ, ഐസ്ക്രീം സ്റ്റിക്കുകൾ, അലങ്കാരത്തിനുള്ള പോളിസ്റ്ററീൻ (തെർമോകോൾ).
*പ്ലാസ്റ്റിക് പ്ലേറ്റുകൾ, കപ്പുകൾ, ഗ്ലാസുകൾ, കത്തി, സ്പൂൺ, ഫോർക്ക്, സ്ട്രോ, ട്രേകൾ, പൊതിയാൻ ഉപയോഗിക്കുന്ന ഫിലിമുകൾ, ക്ഷണക്കത്തുകൾ, സിഗരറ്റ് പാക്കറ്റ്, 100 മൈക്രോണിൽ കുറവ് കട്ടിയുള്ള പ്ലാസ്റ്റിക് അല്ലെങ്കിൽ പിവിസി. ബാനറുകൾ, ചരടുകൾ.
*2021 സെപ്റ്റംബർ 30 മുതൽ പ്ലാസ്റ്റിക് കാരിബാഗുകളുടെ കട്ടി 50 മൈക്രോണിൽനിന്ന് 75 മൈക്രോണാക്കി ഉയർത്തും. 2022 ഡിസംബർ 31 മുതൽ ഇവയുടെ കട്ടി 120 മൈക്രോൺ ആയിരിക്കണം. കട്ടി കൂടിയവയുടെ പുനരുപയോഗം അനുവദിക്കും.
*മാലിന്യം കൈകാര്യം ചെയ്യാനുള്ള സംവിധാനം സംസ്ഥാനങ്ങളിൽ ശക്തിപ്പെടുത്തും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിശ്ചയിക്കാനും അവയുടെ ഉപയോഗം ഇല്ലാതാക്കാനും സംസ്ഥാനങ്ങൾ ദൗത്യസംഘം രൂപവത്കരിക്കണം. ദേശീയതലത്തിലും ദൗത്യസംഘം ഉണ്ടാവും.