ബിജെപിയെ എതിരിടാന്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറെന്ന് സീതാറാം യെച്ചൂരി

കൊല്‍ക്കത്ത: ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ എതിരിടാന്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ തയ്യാറെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ദേശീയ തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികളുമായി സഹകരിക്കുമെന്നും എന്നാല്‍ പശ്ചിമ ബംഗാള്‍ ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ തൃണമൂലുമായി സഹകരണം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നേര്‍ക്കു നേര്‍ പോരാടുന്ന പാര്‍ട്ടിയാണ് സിപിഎമ്മും കോണ്‍ഗ്രസും. ഇത്തരത്തില്‍ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുമ്പോള്‍ തന്നെ ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി പാര്‍ട്ടിയുമായി സഹകരിക്കുന്നുണ്ട്. ഇതേ നയം തന്നെയായിരിക്കും തൃണമൂല്‍ കോണ്‍ഗ്രസിനോടും പാര്‍ട്ടി സ്വീകരിക്കുകയെന്ന് യെച്ചൂരി വ്യക്തമാക്കി.തൃണമൂല്‍ കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ മുമ്പും പാര്‍ട്ടി സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷത്തിന്റെ യോജിച്ച നിലപാടിനു മുന്നില്‍ സര്‍ക്കാരിന് തോറ്റ് പിന്മാറേണ്ടി വന്ന ചരിത്രം മുമ്പുണ്ടായിട്ടുണ്ട്. ബൊഫോഴ്‌സ് അഴിമതി കേസ് ഇതിന് ഉദാഹരണമാണ്. പ്രതിപക്ഷം ഒന്നടങ്കം രാജിവച്ചതുമൂലം അന്ന് പുതിയ തിരഞ്ഞെടുപ്പ് നടത്തേണ്ടിവരികയും അതിന്റെ ഫലം എന്തായിരുന്നെന്ന് കാണുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

2004ല്‍ 61 ഇടത് എംപിമാര്‍ പാര്‍ലമെന്റിലുണ്ടായിരുന്നു. അവര്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചു. അവരില്‍ 57 എംപിമാര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിനെയായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇത് പുതിയതല്ലെന്നും യെച്ചൂരി പറഞ്ഞു.

കൂടുതല്‍ യോജിച്ച മുന്നേറ്റത്തിന് രൂപം നല്‍കാന്‍ മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ യോഗം 20ന് ചേരുമെന്ന് യെച്ചൂരി കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയതലത്തില്‍ 14 പാര്‍ട്ടികള്‍ ബിജെപിക്കെതിരെ പോരാടുകയാണ്. ഇത് പാര്‍ലമെന്റിനകത്തും പുറത്തും തുടരും. മറ്റ് കക്ഷികള്‍ തങ്ങളോടൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ സ്വാഗതം ചെയ്യുമെന്നും യെച്ചൂരി വ്യക്തമാക്കി.