മേയർ കടിച്ച മെഡൽ വേണ്ട; ജപ്പാൻ താരത്തിന് മെഡൽ മാറ്റി നൽകി ഒളിമ്പിക്‌സ് സംഘാടകര്‍

ടോക്യോ: ഒളിമ്പിക്‌ മെഡല്‍ താരങ്ങള്‍ കടിച്ചുനോക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ടോക്യോ ഒളിമ്പിക്‌സില്‍ ഈ പതിവ് കണ്ടില്ല. കൊറോണ ആണ് മെഡല്‍ കടിക്കുന്നത് ഒഴിവാക്കാന്‍ കാരണമായത്. താരങ്ങള്‍ മെഡല്‍ കടിക്കുന്നത് സാധാരണമെങ്കിലും ആവേശം കയറിയ ഒരു ആതിഥേയന്‍ മെഡല്‍ കടിച്ചത് പുലിവാലായി.

ടോക്യോ ഒളിമ്പിക്സ് സോഫ്റ്റ് ബോളില്‍ സ്വര്‍ണം നേടിയ ജപ്പാന്‍ ടീമംഗം മിയു ഗോട്ട എന്ന താരം മെഡല്‍ കടിക്കാന്‍ നിന്നില്ല. പക്ഷേ പറഞ്ഞിട്ട് എന്തുകാര്യം, ആ മെഡലില്‍ കടിക്കാന്‍ മറ്റൊരാള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. മിയു ഗോട്ടയുടെ സ്വദേശമായ നഗോയുടെ മേയര്‍ തകാഷി കവാമുറ.

മിയു ഗോട്ടയുടെ നേട്ടം ആഘോഷിക്കാന്‍ കഴിഞ്ഞാഴ്ച്ചയാണ് മേയര്‍ തകാഷി കവാമുറ അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചത്. ആ ചടങ്ങിനിടയില്‍ മാസ്‌ക് മാറ്റി മേയര്‍ തകാഷി സ്വര്‍ണ മെഡലില്‍ കടിക്കുകയായിരുന്നു. കോറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ മേയറുടെ ഈ പ്രവര്‍ത്തി രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കി.

മിയു ഗോട്ടയുടെ മെഡല്‍ മാറ്റി നല്‍കണം എന്നായിരുന്നു ആരാധകരുടെ ആവശ്യം. ഒടുവില്‍ ടോക്യോ ഒളിമ്പിക്‌സ് സംഘാടകര്‍ വഴങ്ങി. ആ മെഡലിന് പകരം പുതിയ മെഡല്‍ ജപ്പാനീസ് താരത്തിന് നല്‍കി. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇതിന്റെ ചിലവും വഹിച്ചു.

ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ പൂര്‍ണമായും സ്വര്‍ണത്തില്‍ നിര്‍മിക്കുന്നതല്ല. ടോക്യോ ഒളിമ്പിക്‌സില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് ലഭിക്കുന്ന സ്വര്‍ണ മെഡലിന്റെ തൂക്കം 556 ഗ്രാമാണ്. ഇതില്‍ ആറു ഗ്രാം മാത്രമാണ് സ്വര്‍ണം. ശേഷിക്കുന്നത് വെള്ളിയാണ്.