കൊറോണ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മാത്രമല്ല മരണ സര്‍ട്ടിഫിക്കേറ്റിലും പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കണമെന്ന് മമത

കൊല്‍ക്കത്ത: കൊറോണ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മാത്രമല്ല മരണ സര്‍ട്ടിഫിക്കേറ്റിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുെട ചിത്രം വയ്ക്കണമെന്ന ആവശ്യവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആളുകളെ പിന്തുണയ്ക്കാത്ത ഒരു വ്യക്തിയുടെ ചിത്രമാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിര്‍ബന്ധമാക്കിയിരിക്കുന്നതെന്നും മമത കുറ്റപ്പെടുത്തി.

സംസ്ഥാന സെക്രട്ടറിയേറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മമത ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ”ഒരു വ്യക്തി നിങ്ങളെ പിന്തുണയ്ക്കുന്നില്ലായിരിക്കും, പക്ഷെ നിങ്ങളുടെ ചിത്രം കൊറോണ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു. എനിക്ക് നിങ്ങളെ ഇഷ്ടമല്ലായിരിക്കും, എന്നിട്ടും ഞാന്‍ ഇത് കൊണ്ടു നടക്കണം. എവിടെയാണ് സ്വാതന്ത്ര്യം? നിങ്ങള്‍ മരണ സര്‍ട്ടിഫിക്കറ്റില്‍ കൂടി ചിത്രം നിര്‍ബന്ധമാക്കണം.” – മമത പറഞ്ഞു.

കേന്ദ്രത്തില്‍നിന്ന് ബംഗാളിന് ആവശ്യമായ വാക്‌സിന്‍ ഡോസുകള്‍ നല്‍കുന്നില്ലെന്നും മമത കുറ്റപ്പെടുത്തി. ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കാതെ പ്രാദേശിക ട്രെയിന്‍ സര്‍വിസുകള്‍ പോലും നടത്താന്‍ സാധിക്കുന്നില്ലെന്നും മമത പറഞ്ഞു.

പശ്ചിമ ബംഗാളിള്‍ കൊറോണയെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ ഓഗസ്റ്റ് 30 വരെ നീട്ടിയതായും മമത അറിയിച്ചു. ഇളവുകള്‍ അനുവദിച്ചാണ് ലോക്ഡൗണ്‍ നീട്ടിയത്. രാത്രി കര്‍ഫ്യൂ രാത്രി 11 മണി മുതല്‍ അഞ്ചു വരെയാക്കി കുറച്ചു. നേരത്തേ, ഒമ്പതു മുതല്‍ അഞ്ചു വരെയായിരുന്നു.