ഹിമാചലിൽ മണ്ണിടിച്ചിൽ: ചിനാബ് നദിയുടെ ഒഴുക്ക് തടസപ്പെട്ടു; സമീപവാസികളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി

ഷിംല: മണ്ണിടിച്ചിലിനെത്തുടർന്ന് ഹിമാചലിൽ ചിനാബ് നദിയുടെ ഒഴുക്ക് തടസപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ലാഹുൽ സ്പിറ്റിയിലെ നാൽഡ ഗ്രാമത്തിന് സമീപമുള്ള പർവത താഴ്വാരത്തിലാണ് മണ്ണിടിച്ചിലുണ്ടായത്.

മലയുടെ ഒരുഭാഗം ഒന്നാകെ ഇടിഞ്ഞ് ചിനാബ് നദിയിലേക്ക് പതിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ ജീവഹാനിയോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

അതേസമയം നദിയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടതോടെ സമീപ പ്രദേശങ്ങളിലേക്ക് വെള്ളം കയറി വലിയ തടാകം രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ സാഹചര്യം വിലയിരുത്താൻ ജില്ലാ ഭരണകൂടം ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തി.

മുൻകരുതൽ നടപടിയെന്ന നിലവിൽ സമീപവാസികളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപാർപ്പിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സേനയേയും പ്രദേശത്ത് വ്യന്യസിച്ചിട്ടുണ്ട്.