വാണിജ്യ വാഹനങ്ങള്‍ക്ക് കാലാവധി 15 വര്‍ഷം; സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷം ; പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡെല്‍ഹി: വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷവും മാത്രമേ പരമാവധി ഉപയോഗിക്കാവു.പഴയ വാഹനങ്ങള്‍ പൊളിക്കുന്നതില്‍ പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ നിക്ഷേപ സംഗമത്തിലാണ് അദ്ദേഹം കേന്ദ്രത്തിന്റെ പുതിയ നയം പ്രഖ്യാപിച്ചത്.

പുതിയ നയം അനുസരിച്ച് നിശ്ചിത കാലാവധിക്ക് ശേഷം ഇവ നിരത്തിലിറക്കാന്‍ അനുവാദമുണ്ടായിരിക്കില്ല. വികസന യാത്രയിലെ നിര്‍ണായക തീരുമാനമെന്ന് വിശേഷിപ്പിച്ചായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ രജിസ്‌ട്രേഷനിലും റോഡ് നികുതിയിലും ഇളവുകള്‍ നല്‍കും. രജിസ്‌ട്രേഷന് ഏകജാലക സംവിധാനവും ഏര്‍പ്പെടുത്തും. പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനായി 70 കേന്ദ്രങ്ങള്‍ തുടങ്ങും. അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ നിര്‍ത്തലാക്കുമെന്നും ഓട്ടോമേറ്റഡ് ടെസ്റ്റിങ് നിര്‍ബന്ധമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നയത്തിലൂടെ പതിനായിരം കോടിയുടെ നിക്ഷേപം വരും. 35,000 പേര്‍ക്ക് തൊഴിലവസരവും സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.