ഡിസിസി പുനസംഘടന; ഈ മാസം അവസാനത്തോടെ തീരുമാനമുണ്ടായേക്കും

ന്യൂഡെൽഹി: കേരളത്തിലെ ഡിസിസി പ്രസിഡൻ്റുമാരുടെ കാര്യത്തിൽ ഈ മാസം അവസാനത്തോടെ തീരുമാനമുണ്ടായേക്കും. പുനസംഘടന സംബന്ധിച്ച് എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്‍റെ വസതിയിൽ ചർച്ചകൾ ആരംഭിച്ചു. കെ സുധാകരൻ, ഉമ്മൻ ചാണ്ടി എന്നിവർക്കൊപ്പം ചില എം പിമാരും ചർച്ചയിൽ പങ്കെടുത്തു. പുനഃസംഘടന സംബന്ധിച്ച് സംസ്ഥാനത്ത് നടന്ന ചർച്ചയിലെ ധാരണ കെ സുധാകരൻ താരിഖിനെ ധരിപ്പിച്ചു.

അടുത്ത ഘട്ട ചർച്ചകളിൽ വി ഡി സതീശനും, കെ സുധാകരനും ചർച്ചയിൽ പങ്കെടുക്കും. ഗ്രൂപ്പ് വീതം വയ്പ്പുണ്ടാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇത് പ്രായോഗികമാകില്ലെന്നാണ് സൂചന. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പല ജില്ലകളിലും ശക്തമായ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇതോടെ അന്തിമ തീരുമാനത്തിലെത്താൻ കഴിയാതായതോടെ ഒന്നിലധികം പേരുമായാണ് കെപിസിസി അധ്യക്ഷൻ ഹൈക്കമാൻഡിന് മുന്നിലെത്തുന്നത്.

സജീവഗ്രൂപ്പ് പ്രവർത്തകരെ തന്നെയാണ് ഡിസിസി പ്രസിഡന്റുമാരായി നേതാക്കൾ നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് സ്ഥാനാർത്ഥികൾ പരാതിപ്പെട്ടവരും സാധ്യതാ പട്ടികയിലുണ്ടെന്ന ആക്ഷേപവുമുണ്ട്. എങ്കിലും കാര്യമായ പൊട്ടിത്തെറിക്ക് സാധ്യതയില്ല.

എംപിമാരോ എംഎൽഎമാരോ ഡിസിസി പ്രസിഡന്റാമാരാക്കേണ്ടതില്ലെന്നത് മാത്രമാണ് എകകണ്ഠ തീരുമാനം. കൊല്ലത്ത് ഐ ഗ്രൂപ്പിൽ തർക്കം രൂക്ഷമാണ്. കോട്ടയത്ത് ഉമ്മൻചാണ്ടിക്ക് ഒരു പേര് മാത്രമായി നിർദ്ദേശിച്ചിട്ടില്ല. ആലപ്പുഴയിൽ ഹരിപ്പാട് മുൻ എം എൽ എ ബി ബാബുപ്രസാദ് പ്രസിഡൻ്റായേക്കും.

തിരുവനന്തപുരത്ത് ഐ ഗ്രൂപ്പിനൊപ്പം എ ഗ്രൂപ്പും അവകാശവാദമുന്നയിക്കുന്നു. കണ്ണൂരിൽ കെ സുധാകരന്റെ താല്പര്യം നിർണ്ണായകമാണ്. പാലക്കാട് എ വിഗോപിനാഥ് ആവശ്യം ശക്തമാക്കുകയാണെങ്കിലും വി ടി ബലറാമിനോടാണ് നേതാക്കൾക്ക് താല്പര്യം. പി കെ ജയലക്ഷമിയെ വയനാടും പത്മജയെ തൃശൂരും പരിഗണിക്കുന്നുണ്ട്.