ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിൽ; നിരവധി പേർ മണ്ണിനടിയില്‍ പെട്ടതായി സംശയം; രക്ഷാപ്രവർത്തനം തുടങ്ങി

കിന്നൗര്‍ : ഹിമാചല്‍ പ്രദേശില്‍ ഉരുള്‍പൊട്ടലിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി ആളുകള്‍ മണ്ണിനടിയില്‍ പെട്ടതായി സൂചന. അനേകം വാഹനങ്ങളും യാത്രക്കാരും മണ്ണിനടിലായെന്നാണ് റിപ്പോർട്ടുകൾ. 40ൽ അധികം പേരെ കാണാതായി. ബസ്സ് അടക്കമുള്ള വാഹനങ്ങൾക്കു മേലേക്ക് മണ്ണിടിഞ്ഞുവീണാണ് അപകടമുണ്ടായത്. സ്ഥലത്ത് അതിവേഗം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലാണ് കനത്ത മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചിലില്‍ ബസുകളും ട്രക്കുകളും അടക്കം നിരവധി വാഹനങ്ങള്‍ അകപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) ടീം എത്തിയിട്ടുണ്ട്.

ദേശീയപാത അഞ്ച് വഴി കിനൗറിൽ നിന്ന് ഹരിദ്വാറിലേക്കുപോവുകയായിരുന്ന ട്രാൻസ്പോർട്ട് ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിറയെ യാത്രക്കാരുമായി പോയ ബസും മണ്ണിനടയിൽ പെടുകയായിരുന്നു. ബസ് ഡ്രൈവറെ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്.

വളരെ ഉയരത്തിൽ നിന്നാണ് ഉരുളൻ കല്ലുകൾ നിറഞ്ഞപാറ ഇടിഞ്ഞുവീണത്. മണ്ണിടിച്ചിലിൽ ദേശീയപാത പൂർണമായി തടസപ്പെട്ടു. പൊലീസ്, ഹോംഗാര്‍ഡ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുന്നതായി കിന്നൗര്‍ പൊലീസ് സൂപ്രണ്ട് സാജു റാം റാണ പറഞ്ഞു.

മണ്ണിടിച്ചില്‍ ഉണ്ടായതായി ശ്രദ്ധയില്‍പെട്ടയുടന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം ഠാക്കൂര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുവാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് സന്ദേശം അയച്ചതായും ഒരു ബസും കാറും കുടുങ്ങിയതായിട്ടാണ് വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ കിന്നൗര്‍ ജില്ലയിലെ ബസ്‌തേരിക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ടെമ്പോ ട്രാവലറില്‍ വലിയ പാറക്കല്ലുകള്‍ വീണ് ഒന്‍പത് വിനോദസഞ്ചാരികള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.