കടബാധ്യത; ഊട്ടിയിൽ നാലംഗ കർഷകകുടുംബം ആത്മഹത്യ ചെയ്തനിലയിൽ

ഊട്ടി: കട ബാധ്യതയെത്തുടർന്ന് നാലംഗ കർഷക കുടുംബത്തെ ഊട്ടിയിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. ഊട്ടി മാർലിമന്തിലെ കർഷകനായ ചന്ദ്രൻ (45), ഭാര്യ ഗീത (35) എന്നിവരെ തൂങ്ങിമരിച്ചനിലയിലും മക്കളായ പത്താംക്ലാസുകാരി രക്ഷിത (16), എട്ടാംക്ലാസിൽ പഠിക്കുന്ന മകൻ വിസ്വന്തർ (12) എന്നിവരെ വിഷം കഴിച്ച് മരിച്ചനിലയിലുമാണ് വീട്ടിനുള്ളിൽ കണ്ടെത്തിയത്.

വട്ടിപ്പലിശയ്ക്ക് പണം കടം വാങ്ങിയിരുന്നുവെന്നും അവരുടെ ഉപദ്രവം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സംശയിക്കുന്നു. ചന്ദ്രൻ ക്ഷീര കർഷകനായിരുന്നു. നാല് കറുവപ്പശുക്കൾ ഉണ്ടായിരുന്നതിൽ രണ്ടെണ്ണം കുറച്ച് മാസങ്ങൾക്കുമുമ്പ് ചത്തു. തുടർന്ന്, വരുമാനം കുറഞ്ഞപ്പോൾ അടുത്തുള്ള ഒരു കൃഷിസ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കി. അതിലും വൻ നഷ്ടം സംഭവിച്ചു.

കഴിഞ്ഞ രണ്ടുദിവസമായി ചന്ദ്രനെയും കുടുംബാംഗങ്ങളെയും വീട്ടിനുപുറത്ത് കണ്ടിരുന്നില്ല. കൂടാതെ, ചന്ദ്രന്റെ തൊഴുത്തിലുള്ള പശുക്കൾ വിശന്ന് കരയുന്നത് കണ്ടാണ് അയൽവാസികൾ പോയി നോക്കിയത്. ചന്ദ്രനെ തൂങ്ങിമരിച്ചനിലയിൽ കണ്ടതോടെ പുതുമന്ത് പോലീസിൽ വിവരമറിയിച്ചു.

പോലീസെത്തി പരിശോധിച്ചപ്പോഴാണ് മറ്റ്‌ മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തിയത്. എസ്പി. ആശിഷ് റാവന്ത്, ഡിഎസ്പി. മഹേശ്വരൻ, ഇൻസ്‌പെക്ടർ സെന്തിൽ കുമാർ എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധനനടത്തി. മൃതദേഹങ്ങൾ ഊട്ടി ജില്ലാ ആശുപത്രിൽ പോസ്റ്റ്‌മോർട്ടം നടത്തി.