സമൂഹ മാധ്യമങ്ങളിലെ സംവാദങ്ങളില്‍ നിന്ന് കക്ഷികള്‍ വിട്ടു നില്‍ക്കണം; പെഗാസസ് വിഷയത്തില്‍ സുപ്രീം കോടതി

ന്യൂഡെല്‍ഹി: പെഗാസസ് വിഷയത്തില്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് ഹര്‍ജിക്കാരോട് സുപ്രീം കോടതി. ഫോണ്‍ ചോര്‍ത്തലില്‍ ആന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെയാണ് പരാമര്‍ശം.

”ആരും പരിധി വിട്ട് പ്രവര്‍ത്തിക്കരുത്. എല്ലാവര്‍ക്കും കേസില്‍ അവസരം നല്‍കും. സംവാദങ്ങള്‍ക്ക് ഞങ്ങള്‍ എതിരല്ല. പക്ഷെ കേസ് കോടതിയില്‍ നില്‍ക്കുമ്പോള്‍ അത് ഇവിടെയായിരിക്കണം ചര്‍ച്ച ചെയ്യേണ്ടത്. ചോദ്യങ്ങള്‍ക്ക് ഉചിതമായ സംവാദത്തിലൂടെ കോടതിയില്‍ കൃത്യമായ ഉത്തരം നല്‍കാം,” കക്ഷികളോട് കോടതി പറഞ്ഞു.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൂടുതല്‍ സമയം ആവശ്യപ്പെട്ടതനുസരിച്ച് കേസ് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി വച്ചു. കഴിഞ്ഞ ഹിയറിങ്ങിന് ശേഷം തന്റെ കക്ഷികള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ക്ക് ഇരയായെന്ന് മാധ്യമപ്രവര്‍ത്തകരായ എന്‍ റാം,ശശി കുമാര്‍ എന്നിവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു.

ഇത് ചൂണ്ടികാട്ടിയാണ് പ്രശ്‌നം പരിഹരിക്കപ്പെടേണ്ടത് കോടതിയില്‍ ആണ്. സമുഹ മാധ്യമങ്ങളിലോ വെബ്‌സൈറ്റുകളിലോ അല്ലെന്ന് കോടതി പറഞ്ഞത്. ‘ ഞങ്ങള്‍ രണ്ട് കക്ഷികളുടേയും ചോദ്യങ്ങള്‍ ഏറ്റെടുക്കുന്നു. ഇരുവര്‍ക്കും തുല്യ പ്രാധാന്യമാണ് നല്‍കുന്നത്. കക്ഷികള്‍ക്ക് സിസ്റ്റത്തില്‍ വിശ്വാസം ഉണ്ടാകണം,” -കോടതി പറഞ്ഞു.

ഓഗസ്റ്റ് അഞ്ചിന് കേസ് പരിഗണിക്കവെ പെഗാസസ് വിഷയത്തില്‍ ഉയര്‍ന്ന വന്ന ആരോപണങ്ങളെല്ലാം ഗുരുതരമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കക്ഷികളോട് ആദ്യം അവരുടെ അഭിഭാഷകരുടെ പകര്‍പ്പുകള്‍ സര്‍ക്കാര്‍ അഭിഭാഷകന് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.