ന്യൂഡെല്‍ഹി:ഡെല്‍ഹിയിലെ ജന്തര്‍മന്ദറില്‍ നടന്ന പ്രതിഷേധത്തിനിടെ വര്‍ഗീയ മുദ്രാവാക്യം വിളി ഉയര്‍ന്നതില്‍ ബിജെപി മുന്‍വക്താവും സുപ്രീം കോടതി അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ അടക്കം അഞ്ച് പേര്‍ കസ്റ്റഡിയില്‍. കൊളോണിയല്‍ കാലഘട്ടത്തിലെ നിയമങ്ങള്‍ക്കെതിരെ ഞായറാഴ്ചയാണ് പ്രതിഷേധം നടന്നത്.
ജന്തര്‍ മന്തറില്‍ പ്രതിഷേധം നടത്തിയവര്‍ വര്‍ഗീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഡെല്‍ഹി പോലീസ് തിങ്കളാഴ്ച കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഭാരത് ജോഡോ ആന്ദോളനാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഉത്തര്‍പ്രദേശില്‍ നിന്നടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നുവെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ തിരിച്ചറിയപ്പെട്ടയൊരു വ്യക്തിയാണ് അശ്വിനി ഉപാധ്യായ. ഇതാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ കേസില്‍ ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ഡെല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിയതാതും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.അഭിഭാഷകനും മുന്‍ ബിജെപി വക്താവുമായ അശ്വിനി ഉപാധ്യായയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നതെന്ന് ഭാരത് ജോഡോ ആന്തോളന്റെ മീഡിയ ഇന്‍ചാര്‍ജ് ഷിപ്ര ശ്രീവാസ്തവ പറഞ്ഞു.
അതേസമയം, വര്‍ഗീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയവരുമായി ഒരു ബന്ധവും ഇല്ലെന്നാണ് ഇവരുടെ നിലപാട്. കേസുമായി ബന്ധപ്പെട്ട് ഡെല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് അശ്വിനി ഉപാധ്യായ കത്ത് നല്‍കിയിരുന്നു. ഇതില്‍ പരിപാടി സംഘടിപ്പിച്ചതായി പറയുന്നുണ്ടെങ്കിലും വര്‍ഗീയ മുദ്രാവാക്യം വിളിച്ചവരുമായി ബന്ധമില്ലെന്ന് അശ്വനി ഉപാധ്യായ് തന്റെ കത്തില്‍ പറഞ്ഞു.
‘ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്, അതില്‍ ഒരാള്‍ വിദ്വേഷ പ്രസംഗം നടത്തുന്നതായി കാണുന്നു. ചില ആളുകള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും എന്നെ അപകീര്‍ത്തിപ്പെടുത്തുകയാണ്. എന്നാല്‍ എനിക്ക് അവരെ അറിയില്ല, കണ്ടിട്ടില്ലാത്ത അളുകളാണ്. ഞാന്‍ ഈ ആളുകളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല, ”അശ്വിനി ഉപാധ്യായ് പറഞ്ഞു.