കാബൂൾ : അഫ്ഗാൻ പ്രവശ്യകളുടെ ഭരണം പിടിക്കുന്ന താലിബാൻ ഭീകരർ അഫ്ഗാൻ യുവതികളെ തട്ടിക്കൊണ്ടു പോയി നിർബന്ധിത വിവാഹത്തിനും ലൈംഗീക പീഡനത്തിന് ഇരയാക്കുന്നുവെന്ന് റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ പല പ്രദേശങ്ങളും പിടിച്ചെടുക്കുന്നതിനിടെയാണ് താലിബാൻ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിച്ച് സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്നുവെന്ന വിവരം പുറത്ത് വരുന്നത്.
തഖർ, ബഡാക്ഷൻ എന്നീ രണ്ട് വടക്കൻ അഫ്ഗാൻ പ്രദേശങ്ങളിലെ സ്ത്രീകളെ താലിബാൻ ഭീകരർ ഇത്തരത്തിൽ നിർബന്ധിച്ച് തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്നാണ് റിപ്പോർട്ട്. അതേസമയം ബമ്യാൻ പ്രവിശ്യയിലും സമാനമായ ശ്രമം നടന്നിരുന്നു. എന്നാൽ അവിടെ ഭീകര സംഘത്തെ നാല് ദിവസങ്ങൾക്ക് ശേഷം അഫ്ഗാൻ സുരക്ഷാ സേന തുരത്തി.
താലിബാൻ ഭീകരർ ഏറ്റെടുക്കുന്ന പട്ടണങ്ങളിലെ പെൺകുട്ടികളുടെ സ്കൂളുകൾ അടച്ചുപൂട്ടുകയാണ്. ബുർഖ ധരിച്ചാൽ മാത്രമേ സ്ത്രീകൾക്ക് വീടുവിട്ടിറങ്ങാനും അനുവാദമുള്ളൂ .ബമ്യാൻ പ്രവിശ്യയിലെ സെൻട്രൽ ഹൈലാൻഡ്‌സിലെ സൈഗൻ എന്ന വിദൂര ജില്ലയുടെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം അവിടെയും താലിബാൻ ഭീകരർ ഏറെ സ്ത്രീകളെ ലൈംഗിക അടിമകളാക്കി.
നൂറുകണക്കിന് യുവതികളെയാണ് ഇത്തരത്തിൽ താലിബാൻ ഭീകരർ അടിമകളാക്കിയതെന്ന് പ്രദേശവാസികളും ഉദ്യോഗസ്ഥരും പറയുന്നു . താലിബാന്റെ ആക്രമണവും പീഡനങ്ങളും ഭയക്കുന്ന കുടുംബങ്ങൾ സ്ത്രീകളെയും പെൺകുട്ടികളെയും അഫ്ഗാൻ തലസ്ഥാനമായ കാബൂൾ ഉൾപ്പെടെയുള്ള സുരക്ഷിത പ്രദേശങ്ങളിലേക്ക് അയയ്‌ക്കുകയാണിപ്പോൾ .
താലിബാൻ ഭീകരർ അവർ പറയുന്ന പെൺകുട്ടികളുടെയും സ്ത്രീകളുടെയും പേരുകളും പ്രായവും അറിയിക്കാൻ ആവശ്യപ്പെടും. തുടർന്ന് അവരെ കടത്തി കൊണ്ട് പോയി ലൈംഗിക അടിമകളാക്കുക എന്ന രീതിയാണ് തുടരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ചെറുത്തു നിൽക്കുന്ന പുരുഷന്മാരെ ഭീകരർ ക്രൂരമായി തല്ലിച്ചതയ്‌ക്കുകയാണ്. സ്ത്രീകൾ പ്രായം മറച്ച് വയ്‌ക്കാതിരിക്കാൻ ധരിക്കുന്ന വസ്ത്രങ്ങൾ കാണിക്കാൻ ആവശ്യപ്പെടുകയാണത്രേ.
ഒരു പുതിയ പട്ടണമോ ജില്ലയോ പിടിച്ചെടുക്കുമ്പോഴെല്ലാം, പ്രദേശത്തെ മസ്ജിദ് വഴി എല്ലാ പ്രാദേശിക ഭരണകൂട ഉദ്യോഗസ്ഥന്മാരുടെയും , പോലീസ് ഉദ്യോഗസ്ഥരുടെയും ഭാര്യമാരുടെയും വിധവകളുടെയും പേരുകൾ കൈമാറാൻ ഉത്തരവുകൾ പുറപ്പെടുവിക്കുന്നുണ്ട്.