ന്യൂഡെൽഹി: സിപിഎം കേന്ദ്രക്കമ്മിറ്റിയംഗങ്ങളുടെ പ്രായപരിധി 75 ആക്കാൻ നിർദേശം. പ്രായപരിധി പരിധി പാർട്ടി കോൺഗ്രസ് അംഗീകരിച്ചാൽ കേരളത്തിൽ നിന്ന് പി. കരുണാകരൻ, വൈക്കം വിശ്വൻ എന്നിവരെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കേണ്ടി വരും.
80 വയസ്സായിരുന്നു ഇതുവരെയുള്ള പരമാവധി പ്രായപരിധി. ഇത് 75 ആക്കിയിരിക്കുകയാണ്. പിണറായി വിജയന് ഇളവ് നൽകിയേക്കും. ഇത് സംബന്ധിച്ച് പാർട്ടി കോൺഗ്രസിന് കേന്ദ്ര കമ്മിറ്റി നിർദേശം നൽകി.
ഇനിമുതല്‍ കേന്ദ്രകമ്മിറ്റിയിലോ പോളിറ്റ് ബ്യൂറോയിലോ 75 വയസിന് മുകളില്‍ പ്രായമുള്ളവര്‍ ഉണ്ടാകില്ല എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. പാർട്ടി സംവിധാനത്തിൽ അടിമുടി തലമുറമാറ്റം വരുത്താനാണ് സിപിഎം കേന്ദ്രകമ്മിറ്റിയുടെ തീരുമാനം.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ചേർന്ന സി.പി.എം.ന്റെ കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് അംഗങ്ങളുടെ പ്രായ പരിധി 75 വയസ്സായി നിശ്ചയിക്കാനുള്ള തീരുമാനം സ്വീകരിച്ചിരിക്കുന്നത്. ഈ നിർദേശത്തിൽ പാർട്ടി കോൺഗ്രസാണ് അന്തിമ തീരുമാനം എടുക്കുക.
കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായംപരിധിയില് മാറ്റം വരുത്തുന്നതിലൂടെ നിലവിലുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ ഭൂരിപക്ഷവും പുറത്തേക്ക് പോകേണ്ടി വരും.
സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 70 ആക്കണമെന്നും കേന്ദ്രകമ്മിറ്റിയില്‍ നിര്‍ദേശമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്നും യെച്ചൂരി വ്യക്തമാക്കി.
അതേസമയം, സുപ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് മുന്‍പ് ചെയ്തിട്ടുള്ളതുപോലെ ഇളവുനല്‍കുന്നത് പരിഗണിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രായം 75 നും മുകളിലാണല്ലോ എന്ന് മാധ്യമപ്രവ്രര്‍ത്തകര്‍ ചൂണ്ടാക്കാട്ടിയപ്പോഴായിരുന്നു യെച്ചൂരിയുടെ മറുപടി.
പാർട്ടി ഭരിക്കുന്ന ഏക സംസ്ഥാനത്തെ മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന് ഇളവുകൾ നൽകാനാണ് സാധ്യത. ഇക്കാര്യം പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
അതേസമയം, കെ കെ ശൈലജയെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയ നടപടിയെ സംബന്ധിച്ച ചോദ്യത്തിന് നയത്തിന്റെ ഭാഗമായിരുന്നു ആ മാറ്റമെന്നാണ് യെച്ചൂരി പ്രതികരിച്ചത്. കെ കെ ശൈലജ മാത്രമല്ല, പ്രഗത്ഭരായ പലരും മന്ത്രിസ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. രണ്ട് തവണ മത്സരിച്ചവര്‍ മത്സരരംഗത്തുനിന്ന് തന്നെ മാറി നിന്നിട്ടുണ്ട്. ഇതെല്ലാം കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ചയായിരുന്നു.
നയപരമായ ഒരു തീരുമാനമായിരുന്നു അത്. അതിനാല്‍ തന്നെ ഒരാള്‍ക്കുവേണ്ടി ഇളവ് വരുത്തുന്നത് ആ നയത്തിന്റെ നടപ്പാക്കലിനെ തന്നെ ബാധിക്കും. അക്കാരണത്താല്‍ ധനമന്ത്രിയടക്കം മുതിര്‍ന്ന നേതാക്കളാണ് മാറിനിന്നത്. പക്ഷേ ആ തീരുമാനത്തെ കേരളത്തിലെ ജനത അംഗീകരിച്ചു എന്നാണ് ഇപ്പോള്‍ കാണാനാകുന്നത്. ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിനാലാണ് ആ നയത്തെ കേരളം സ്വാഗതം ചെയ്തതെന്നും സീതാറം യെച്ചൂരി പറഞ്ഞു.