യുഎന്‍ സുരക്ഷാ കൗണ്‍സിലിൽ ഉന്നതതല സംവാദം; അധ്യക്ഷത വഹിക്കുന്ന ആദ്യ ഇന്ത്യന്‍ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡെല്‍ഹി: യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഉന്നതതല സംവാദത്തില്‍ അദ്ധ്യക്ഷനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമുദ്ര സുരക്ഷയിലെ അന്താരാഷ്ട്ര സഹകരണവുമായി ബന്ധപ്പെട്ടാണ് സംവാദം. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലിന്റെ തുറന്ന സംവാദത്തില്‍ അദ്ധ്യക്ഷത വഹിക്കുന്നത്.

‘സമുദ്ര സുരക്ഷ മെച്ചപ്പെടുത്തല്‍; അന്താരാഷ്ട്ര സഹകരണം ആവശ്യമായ കാര്യം’ എന്ന വിഷയത്തിലാണ് ചര്‍ച്ച. ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള ലോകരാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്.

സമുദ്ര കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടുന്നതിനും സമുദ്ര മേഖലയിലെ ഏകോപനം ശക്തിപ്പെടുത്തുന്നതിനും ആഗോള സമാധാനത്തിനും ആവശ്യമായ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ഈ മാസം മുഴുവന്‍ ഇന്ത്യയ്ക്കാണ് സുരക്ഷാ കൗണ്‍സില്‍ അദ്ധ്യക്ഷ സ്ഥാനം. ജൂലൈയില്‍ അദ്ധ്യക്ഷത വഹിച്ചത് ഫ്രാന്‍സായിരുന്നു.

15 അംഗ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യ അദ്ധ്യക്ഷത വഹിക്കണമെന്ന് ഫ്രാന്‍സാണ് ആവശ്യം ഉന്നയിച്ചത്. ആഗോള ഭീകരതയ്ക്കെതിരെ ഇന്ത്യ നടത്തുന്ന ശക്തമായ നീക്കമാണ് ഫ്രാന്‍സ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ഇതിന് പിന്നാലെയാണ് അദ്ധ്യക്ഷത വഹിക്കാന്‍ രാജ്യത്തിന് അവസരം ലഭിച്ചത്. യുഎന്‍ അംഗരാജ്യങ്ങളുടെ തലവന്‍മാരടക്കം ഇന്നത്തെ സംവാദത്തില്‍ പങ്കെടുക്കും.