അവര്‍ കര്‍ഷകരുടെ മക്കള്‍; അഭിനന്ദിക്കും മുമ്പ് കര്‍ഷകരെ പരിഗണിക്കൂ; മോദിയോട് സോഷ്യല്‍ മീഡിയ

ന്യൂഡെല്‍ഹി: ഒളിമ്പിക്‌സില്‍ ശനിയാഴ്ച ഇന്ത്യയ്ക്ക് രണ്ട് മെഡലുകളാണ് ലഭിച്ചത്. ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണ്ണം നേടിയപ്പോള്‍ ഗുസ്തിയില്‍ ബജ്റംഗ് പൂനിയ വെങ്കലം നേടി. പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കം രാജ്യം മുഴുവനും ഇരുവര്‍ക്കും അഭിനന്ദനമര്‍പ്പിക്കുമ്പോള്‍ ഒരു കാര്യം കൂടി ഓര്‍മ്മിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. നീരജ് ചോപ്രയും ബജ്റംഗ് പൂനിയയും കര്‍ഷകരുടെ മക്കളാണെന്ന ഓര്‍മ്മപ്പെടുത്തല്‍.

പ്രധാനമന്ത്രി മോദിയോടാണ് ഇവര്‍ കര്‍ഷകരുടെ മക്കളാണെന്ന ഓര്‍മ്മവേണമെന്ന് സോഷ്യല്‍ മീഡിയ പ്രധാനമായും പറഞ്ഞു വയ്ക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരായി ഒരു വര്‍ഷത്തോളമായി കര്‍ഷകര്‍ സമരത്തിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരമൊരു അഭിപ്രായം ഉയരുന്നത്.

കര്‍ഷകരുടെ മക്കളുടെ നേട്ടത്തില്‍ പുളകം കൊള്ളുന്ന പ്രധാനമന്ത്രിയോട് ആദ്യം കര്‍ഷകരെ പരിഗണിച്ച ശേഷം അവരുടെ മക്കളെ അഭിനന്ദം കൊണ്ട് മൂടാന്‍ പറയുന്നവര്‍ കുറവല്ല. ഹരിയാനക്കാരാണ് ബജ്റംഗ് പൂനിയയും നീരജ് ചോപ്രയും. രണ്ടുപേരും കര്‍ഷകരുടെ മക്കള്‍. കര്‍ഷകസമരത്തെ പിന്തുണച്ചുകൊണ്ടുള്ള ബജ്റംഗ് പൂനിയയുടെ പഴയ ട്വീറ്റുകള്‍ പലരും വീണ്ടും ഷെയര്‍ ചെയ്യുന്നതിനൊപ്പം ഇത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങളെ ഓര്‍മിപ്പിക്കുന്നത്.

”കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. അവരെ തടയരുത്. രാജ്യത്തിന്റെ അന്നദാതാക്കള്‍ക്ക് സംസാരിക്കാനുള്ള ഭരണഘടനാ അവകാശമുണ്ട്. ബലം പ്രയോഗിച്ച് ആരുടെയും ശബ്ദം അടിച്ചമര്‍ത്താനാകില്ല. തങ്ങളുടെ മക്കളുടെ ഭാവി സംരക്ഷിക്കാനായി നിരത്തിലിറങ്ങിയ കര്‍ഷകരോട് സംസാരിക്കണം. സര്‍ക്കാര്‍ അവരെ കേള്‍ക്കണം”-2020 നവംബറിലെ പൂനിയയുടെ ട്വീറ്റാണിത്. കര്‍ഷകസമരത്തിനുനേരെ നടന്ന പൊലീസ് അതിക്രമങ്ങളെ അപലപിച്ചുകൊണ്ടും പൂനിയ ട്വീറ്റ് ചെയ്തിരുന്നു.