ഇന്ത്യയടക്കം ആറ് ഏഷ്യന്‍ രാജ്യക്കാർക്ക് പ്രത്യേക ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി ഖത്തര്‍

ദോഹ: ഇന്ത്യ ഉള്‍പ്പടെ ആറ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് പ്രത്യേക കൊറോണ ക്വാറന്റൈന്‍ മാനദണ്ഡം ഏര്‍പ്പെടുത്തി ഖത്തര്‍. കൊറോണ വ്യാപനത്തോത് അടിസ്ഥാനമാക്കിയാണ് ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ തീരുമാനം. ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ മാനദണ്ഡം.

ഖത്തറില്‍ നിന്ന് വാക്സിനെടുത്തവര്‍ക്ക് രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനും മറ്റ് എവിടെ നിന്നെങ്കിലും വാക്സിനെടുത്തവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈനുമാണ് പുതിയ നിര്‍ദേശത്തിലുള്ളത്. ഖത്തറില്‍നിന്ന് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ക്വാറന്റൈന് ശേഷം രണ്ടാം ദിവസം പരിശോധനയില്‍ നെഗറ്റിവ് ഫലം കാണിച്ചാല്‍ ക്വാറന്റൈന്‍ അവസാനിപ്പിച്ച് പുറത്തിറങ്ങാം.

എന്നാല്‍ ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളില്‍നിന്നുള്ള മറ്റു യാത്രക്കാരെല്ലാം നിര്‍ബന്ധമായും 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പാലിച്ചിരിക്കണം. തീരുമാനത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരേ വാക്സിന്‍ തന്നെ വ്യത്യസ്ത രാജ്യങ്ങളില്‍. നിന്ന് സ്വീകരിച്ചവര്‍ക്ക് എന്തിനാണ് രണ്ട് തരത്തില്‍ ക്വാറന്റൈന്‍ നിര്‍ദേശിക്കുന്നത് എന്നാണ് ഉയരുന്ന ചോദ്യം.