നീരജ് ചോപ്രയെ അഭിനന്ദനങ്ങളിൽ മൂടി രാജ്യം;ഒരു വർഷം സൗജന്യ വിമാനയാത്ര അനുവദിക്കുമെന്ന് ഇൻഡിഗോ; ആജീവനാന്ത സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് കർണാടക റോഡ് ട്രാൻസ്പോർട്ട്

ന്യൂഡെൽഹി: ടോക്യോ ഒളിമ്പിക്സിൽ പുരുഷ ജാവലിൻ ത്രോയിൽ സ്വർണമണിഞ്ഞ് രാജ്യത്തിന്റെ അഭിമാന താരമായ നീരജ് ചോപ്രയെ അഭിനന്ദനങ്ങളിൽ മൂടി രാജ്യം. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയ നീരജിന് സമ്മാന പ്രവാഹം തുടരുകയാണ്. അടുത്ത ഒരു വർഷം നീരജിന് സൗജന്യ വിമാനയാത്ര അനുവദിക്കുമെന്ന് ഇൻഡിഗോ എയർലൈൻ കമ്പനി പ്രഖ്യാപിച്ചു.

കഠിനാധ്വാനവും സഹിഷ്ണുതയും അഭിനിവേശവുമുണ്ടെങ്കിൽ എന്തെല്ലാം നേടാനാകുമെന്ന് നീരജ് നമുക്ക് കാണിച്ചുതന്നു. ഭാവിയിലെ ഇന്ത്യൻ അത്ലറ്റുകൾക്ക് നീരജ് ഒരു വഴികാട്ടിയായി മാറുമെന്ന് ഉറപ്പാണെന്നും ഇൻഡിഗോ സി.ഇ.ഒ റോണോജോയ് ദത്ത വ്യക്തമാക്കി.

ആജീവനാന്ത കാലം സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നീരജിന് പ്രത്യേക ഗോൾഡൻ പാസ് അനുവദിച്ചു. ഇതാദ്യമായാണ് ആജീവനാന്ത കാല സൗജന്യ യാത്ര നൽകി ഇത്തരത്തിലൊരു പാസ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ അനുവദിക്കുന്നത്.

നീരജിന് ആറു കോടി രൂപ സമ്മാനമായി നൽകുമെന്ന് നേരത്തെ ഹരിയാണ സർക്കാർ പ്രഖ്യാപിച്ചിരുന്നു. നീരജിന് പുതിയ എക്സ്.യു.വി 700 കാർ സമ്മാനിക്കുമെന്ന് മഹീന്ദ്ര സിഇഒ ആനന്ദ് മഹീന്ദ്രയും പ്രഖ്യാപിച്ചിട്ടുണ്ട്.

പഞ്ചാബ് സർക്കാർ രണ്ട് കോടിയും, മണിപ്പൂർ സർക്കാർ ഒരുകോടിയും നീരജിന് സമ്മാനിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബിസിസിഐയും ചെന്നൈ സൂപ്പർ കിങ്സും ഒരോ കോടി വീതം നൽകും.