മധ്യപ്രദേശ് പ്രളയം; രക്ഷാപ്രവര്‍ത്തനത്തിന് പോയ മന്ത്രിയും വെള്ളപ്പൊക്കത്തില്‍ കുടുങ്ങി; എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷാപ്രവര്‍ത്തകര്‍

ഭോപ്പാല്‍: ശക്തമായ മഴയെ തുടര്‍ന്ന് പ്രളയക്കെടുതി നേരിടുകയാണ് മധ്യപ്രദേശ്. വെള്ളപ്പൊക്കത്തെ തുടര്‍ന്നുള്ള കെടുതികളുടെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. ഇതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയെ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി.

പ്രളയബാധിത മേഖലയായ ദാത്തിയ ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ആഭ്യന്തരമന്ത്രി നരോത്തം മിശ്രയെ ആണ് ഇത്തരത്തില്‍ രക്ഷപെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് നേരിട്ടിറങ്ങിയ മന്ത്രിയും സംഘവും ഒരു വീടിന്റെ ടെറസില്‍ നിന്നും ഒന്‍പതംഗ സംഘത്തെ കണ്ടെത്തുകയായിരുന്നു. ടെറസില്‍ കുടുങ്ങിയവരെ ബോട്ടില്‍ രക്ഷിക്കാന്‍ മന്ത്രി ക്രമീകരണങ്ങള്‍ ചെയ്യുന്നതിന് മുന്‍പായി ഒരു മരം ഒടിഞ്ഞ് ബോട്ടില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് ബോട്ടിന്റെ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാതെ വന്നു.

ഇതോടെ മന്ത്രിയുള്‍പ്പെടെയുള്ളവര്‍ രക്ഷപെടാന്‍ കഴിയാത്ത സ്ഥിതിയിലായി. വീടിന്റെ ടെറസ് ഒഴികെ എല്ലാ ഭാഗവും വെള്ളം കൊണ്ട് മൂടിയ ആവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. ശക്തമായ കാറ്റും കുത്തൊഴുക്കും ഈ സമയത്തുണ്ടായിരുന്നു.

ഉടന്‍ തന്നെ, മന്ത്രി രക്ഷാപ്രവര്‍ത്തനത്തിന് അധികൃതരെ വിവരം അറിയിക്കുകയും വ്യോമസേന ഹെലികോപ്റ്ററുമായി എത്തി അദ്ദേഹത്തേയും ഒന്‍പതംഗ സംഘത്തേയും എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷിക്കുകയുമായിരുന്നു. കുടുങ്ങി കിടന്നവരെ രക്ഷപെടുത്തിയതിന് ശേഷമാണ് മന്ത്രി ഹെലികോപ്ടറിലേക്ക് കയറിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മന്ത്രി മിശ്ര അതേ പ്രദേശത്തുനിന്നുമുള്ള എംഎല്‍എയാണ്.

അതേസമയം പ്രളയത്തില്‍ ജില്ലയിലെ രണ്ട് പാലങ്ങള്‍ ഒലിച്ചുപോയി. നിറഞ്ഞൊഴുകിയ ഡാമില്‍ നിന്ന് വെള്ളം തുറന്നുവിട്ടതോടെയുണ്ടായ കുത്തൊഴുക്കിലാണ് പാലങ്ങള്‍ ഒലിച്ചുപോയത്. മണിഘേദ ഡാമാണ് തുറന്നുവിട്ടത്. മണിഘേദ ഡാമിന്റെ 10 ഷട്ടറുകളാണ് തുറന്നതെന്നും സമീപത്തെ പ്രദേശങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ഗ്വാളിയോറുമായി ബന്ധിപ്പിക്കുന്ന പാലങ്ങളായിരുന്നു ഇവ.