ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഫീസ് ഒഴിവാക്കാൻ കേന്ദ്ര തീരുമാനം

ന്യൂഡെൽഹി: ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്കുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) ഫീസ് ഒഴിവാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു. പഴയ രജിസ്ട്രേഷൻ പുതുക്കാനും ഫീ ഈടാക്കില്ല.

ഇലക്ട്രിക് വാഹനങ്ങൾക്കുള്ള രജിസ്ട്രേഷൻ മാർക്ക് അനുവദിക്കുന്നതും സൗജന്യമാക്കി. ഇ-മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണിതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇളവു നൽകാനായി കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയ ശേഷമാണ് തീരുമാനം നടപ്പാക്കിയത്.

അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കുറവാണ്. അതിനാൽ ഇലക്ട്രിക് വാഹന നിർമ്മാണം പ്രോത്സാഹിപ്പിക്കാൻ നിർമ്മാതാക്കൾക്ക് കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും ഇൻസെന്റീവുകൾ അടക്കം നിരവധി സൗജന്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.