ന്യൂഡെൽഹി: സുപ്രീംകോടതി മുൻ ജഡ്ജി അരുൺ മിശ്ര ഉപയോഗിച്ച ഫോൺ നമ്പർ ഉൾപ്പെടെ പെഗസസ് ചാരസോഫ്റ്റ്വെയർ ചോർത്തിയവരുടെ പട്ടികയിൽ. കൂടാതെ സുപ്രീംകോടതിയുമായി ബന്ധപ്പെട്ട കൂടുതൽ പേരുടെ ഫോണുകൾ പട്ടികയിലുണ്ടെന്നാണ് ‘ദ വയർ’ റിപ്പോർട്ട് ചെയ്യുന്നത്. സുപ്രീംകോടതി രജിസ്ട്രിയിലെ ഉദ്യോഗസ്ഥരുടെ നമ്പറും പ്രധാനപ്പെട്ട കക്ഷികളുടെ അഭിഭാഷകരുടെ നമ്പറും ചാരപ്പണി നടന്നവരുടെ പട്ടികയിലുണ്ട്.
പെഗസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള വിവിധ ഹരജികൾ നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ. 2010 മുതൽ 2018 വരെ ജസ്റ്റിസ് അരുൺ മിശ്ര ഉപയോഗിച്ച നമ്പർ പെഗസസ് പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ട്. നിലവിൽ ദേശീയ മനുഷ്യാവകാശ കമീഷൻ അധ്യക്ഷനാണ് റിട്ട. ജസ്റ്റിസ്. അരുൺ മിശ്ര.
അതേസമയം, ഈ നമ്പർ 2014ന് ശേഷം താൻ ഉപയോഗിച്ചിട്ടില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. ജസ്റ്റിസ് അരുൺ മിശ്ര ഒഴിവാക്കിയ ഈ നമ്പർ 2019ൽ പെഗസസ് ചോർത്തിയവരുടെ പട്ടികയിൽ ഉൾപ്പെട്ടതെങ്ങനെയെന്ന് വ്യക്തമല്ല.
സുപ്രീം കോടതിയിലെ ഏറ്റവും തന്ത്രപ്രധാനമായ റിട്ട് സെക്ഷനിനിലെ രണ്ട് രജിസ്ട്രാര്‍മാരുടെ നമ്പറുകള്‍ ഇപ്പോള്‍ പുറത്തുവന്ന പട്ടികയിലുണ്ട്. എന്‍.കെ. ഗാന്ധി, ടി.ഐ. രാജ്പുത് എന്നിവരുടെ നമ്പറുകളാണ് പട്ടികയിലുള്ളത്. മനുഷ്യാവകാശ കേസുകളിൽ ഉൾപ്പെടെ ഹാജരാകുന്ന നിരവധി അഭിഭാഷകരുടെ നമ്പറുകൾ ചോർത്തിയവരുടെ കൂട്ടത്തിലുണ്ട്.
സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി നിരവ് മോദിയുടെ അഭിഭാഷകൻ വിജയ് അഗർവാൾ, ഡൽഹിയിലെ മലയാളി അഭിഭാഷകനായ ആൾജോ പി. ജോസഫ്, മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയുടെ ചേംബറിലുണ്ടായിരുന്ന ജൂനിയർ അഭിഭാഷകൻ എം. തങ്കത്തുറൈ എന്നിവരുടെ നമ്പറുകൾ പട്ടികയിലുണ്ട്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസിലെ പ്രതി ക്രിസ്റ്റ്യന്‍ മിഷേലിന്റെ അഭിഭാഷകനായിരുന്നു ആൾജോ പി. ജോസഫ്.