ഡാനിഷ് സിദ്ദിഖിയെ താലിബാന്‍ കൊലപ്പെടുത്തിയത് തന്നെ; വെടിവെച്ച് കൊലപ്പെടുത്തിയത് ഐഡി കാര്‍ഡ് പരിശോധിച്ച ശേഷം

വാഷിങ്ടണ്‍: ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റും പുലിറ്റ്‌സര്‍ സമ്മാനജേതാവുമായ ഡാനിഷ് സിദ്ദിഖിയെ താലിബാന്‍ കൊലപ്പെടുത്തിയതാണെന്ന് റിപ്പോര്‍ട്ട്. താലിബാന്‍- അഫ്ഗാന്‍ ഏറ്റുമുട്ടലിനിടെ സംഭവിച്ച അബന്ധമല്ല സിദ്ദിഖിയുടെ മരണമെന്നത് സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അമേരിക്കന്‍ മാസികയായ വാഷിങ്ടണ്‍ എക്‌സാമിനറാണ് സിദ്ദിഖിയുടെ മരണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അഫ്ഗാനിസ്ഥാനിലുണ്ടായ ഏറ്റുമുട്ടലില്‍ അറിയാതെ സംഭവിച്ചതല്ല മറിച്ച് ഭീകരര്‍ സിദ്ദിഖിയുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചതിന് ശേഷം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

38കാരനായ ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനില്‍ ജോലിയുടെ ഭാഗമായി എത്തിയപ്പോഴായിരുന്നു കൊല്ലപ്പെട്ടത്. കാണ്ഡഹാറില്‍ സ്പിന്‍ ബോള്‍ഡക് ജില്ലയില്‍ അഫ്ഗാന്‍ സൈനികരും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് അവാര്‍ഡ് നേടിയ പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്.

വാഷിംഗ്ടണ്‍ എക്‌സാമിനര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, അഫ്ഗാന്‍ കരസേനയ്ക്കൊപ്പം സ്പിന്‍ ബോള്‍ഡാക്ക് മേഖലയിലേക്ക് പോകുകയായിരുന്നു ഡാനിഷ് സിദ്ദിഖിയെന്ന് പറയുന്നു. ഇതിനിടെ കസ്റ്റംസ് പോസ്റ്റിന്റെ മൂന്നിലൊന്ന് ദൂരം അകലെ എത്തിയപ്പോള്‍ താലിബാന്‍ ആക്രമണം സംഘത്തെ വേര്‍പിരിച്ചു. ഈ സമയത്ത് കമാന്‍ഡറും കുറച്ച് ആളുകളും സിദ്ദിഖിയില്‍ നിന്ന് വേര്‍പിരിഞ്ഞു, അവര്‍ മറ്റ് മൂന്ന് അഫ്ഗാന്‍ സൈനികരോടൊപ്പം തുടര്‍ന്നു.

ഈ ആക്രമണത്തിനിടെ സിദ്ദിഖിയില്‍ വെടിയേല്‍ക്കുകയും ചെയ്തു. അതിനാല്‍ തന്നെ അദ്ദേഹവും സംഘവും ഒരു പ്രാദേശിക പള്ളിയില്‍ പോയി അവിടെ പ്രാഥമിക ചികിത്സ തേടി. തുടര്‍ന്ന് പത്രപ്രവര്‍ത്തകന്‍ പള്ളിയിലുണ്ടെന്ന വാര്‍ത്ത പരന്നപ്പോള്‍, താലിബാന്‍ പള്ളിക്കുനേരെ ആക്രമണം അഴിച്ചുവിട്ടു. സിദ്ദിഖിയുടെ സാന്നിധ്യം കാരണം മാത്രമാണ് താലിബാന്‍ പള്ളി ആക്രമിച്ചതെന്ന് വാഷിങ്ടണ്‍ എക്‌സാമിനര്‍ റിപ്പോര്‍ട്ട് പറയുന്നു.

താലിബാന്‍ പിടിച്ചെടുക്കുമ്പോള്‍ സിദ്ദിഖി ജീവനുണ്ടായിരുന്നു. താലിബാന്‍ സിദ്ദിഖിയുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുകയും അദ്ദേഹത്തെയും ഒപ്പമുള്ളവരെയും വധിക്കുകയും ചെയ്തു. കമാന്‍ഡറും സംഘത്തിലെ മറ്റുള്ളവരും അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മരിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

സിദ്ധിഖിയെ താലിബാന്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഒരു അഫ്ഗാന്‍ കമാന്‍ഡറും നേരത്തെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഫ്ഗാന്‍ കമാന്‍ഡര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ സിദ്ദിഖിയുടെ മരണം അബന്ധത്തില്‍ സംഭവിച്ചതാണെന്ന പ്രസ്താവനയുമായി താലിബാന്‍ രംഗത്ത് വന്നിരുന്നു.

സിദ്ധിഖി കൊല്ലപ്പെട്ട അടുത്ത ദിവസങ്ങളിലാണ് താലിബാന്‍ സിദ്ധിഖിയുടെ മരണത്തില്‍ മാപ്പ് ചോദിച്ച് രംഗത്തെത്തിയത്. പത്രപ്രവര്‍ത്തകന്‍ അഫ്ഗാന്‍ സംഘത്തിലുണ്ടെന്ന് അറിയില്ലെന്നായിരുന്നു അന്ന് താലിബാന്‍ വക്താക്കള്‍ പറഞ്ഞത്. അറിവ് ലഭിച്ചിരുന്നുവെങ്കില്‍ സുരക്ഷ ഉറപ്പാക്കുമായിരുന്നു വെന്നും അന്ന് താലിബാന്‍ പറഞ്ഞിരുന്നു.