പെണ്‍കുട്ടികളെ രാത്രി പുറത്തുവിട്ടത് മാതാപിതാക്കളുടെ കുറ്റം; ഗോവാ ബീച്ചിലെ ബലാത്സംഗക്കേസില്‍ വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി പ്രമോദ് സാവന്ത്

പനാജി: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ബീച്ചില്‍ ബലാത്സംഗത്തിന് ഇരയായതിന് പിന്നാലെ വിവാദ പരാമര്‍ശവുമായി ഗോവ മുഖ്യമന്ത്രി. സംഭവത്തിന് കാരണം മാതാപിതാക്കളുടെ ശ്രദ്ധയില്ലായ്മയാണെന്ന തരത്തില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നടത്തിയ പരാമര്‍ശം വിവാദമായിരിക്കുകയാണ്.

കഴിഞ്ഞയാഴ്ച ഗോവ ബെനോലിം ബീച്ചിലാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായത്. നാലംഗ സംഘം പെണ്‍കുട്ടികളെ ആക്രമിക്കുകയായിരുന്നു. വൈകിയ വേളയില്‍ പെണ്‍കുട്ടികളെ പുറത്തുവിട്ടതിനെക്കുറിച്ച് മാതാപിതാക്കള്‍ ആത്മപരിശോധന നടത്തേണ്ടതുണ്ടെന്ന് പ്രമോദ് സാവന്ത് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം രംഗത്ത് വന്നു.

”14 വയസുള്ള പെണ്‍കുട്ടികള്‍ രാത്രി മുഴുവന്‍ ബീച്ചില്‍ കഴിയുമ്പോള്‍ മാതാപിതാക്കള്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്. കുട്ടികള്‍ക്ക് അനുസരിണയില്ലാത്തതിന് സര്‍ക്കാരിനും പൊലീസിനുമല്ല അതിന്റെ ഉത്തരവാദിത്വം.’ മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണ്ട ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കുണ്ടെന്നും, രാത്രി പെണ്‍കുട്ടികളെ പുറത്ത് പോകാന്‍ അനുവദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവം നിയമസഭയില്‍ ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്നും സ്പീക്കര്‍ നീക്കി.

പിറന്നാള്‍ ആഘോഷത്തിനായാണ് പെണ്‍കുട്ടികള്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം ബീച്ചിലെത്തിയത്. ഒപ്പമുണ്ടായിരുന്ന ആണ്‍കുട്ടികളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷമായിരുന്നു നാലംഗ സംഘം പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്.

പൊലീസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് ഇവര്‍ ആക്രമണം നടത്തിയത്. സംഘത്തിലെ ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ആണ്. സംഭവത്തില്‍ കുട്ടികളുടെ കുടുംബത്തെ കുറ്റപ്പെടുത്തി സര്‍ക്കാരും പൊലീസും കൈകഴുകാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.