ന്യൂഡെല്‍ഹി: രാജ്യത്ത് പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം ഉയര്‍ന്നു തന്നെ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 43,509 പേര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രതിദിന രോഗബാധിതരുടെ എണ്ണം രാജ്യത്ത് നാല്‍പ്പതിനായിരത്തിന് മുകളിലാണ്.അതേസമയം രാജ്യത്തെ കൊറോണ കേസുകളില്‍ പകുതിയോളം കേരളത്തില്‍ തന്നെയാണ്.
ഈ മാസം 26 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മുപ്പതിനായിരത്തില്‍ താഴെയായിരുന്നു പ്രതിദിന രോഗബാധിതര്‍.എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇത് നാല്‍പ്പതിനായിരത്തിന് മുകളിലേക്ക് ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 4,03,840 സജീവ കേസുകളാണുള്ളത്. കഴിഞ്ഞദിവസം 38,465 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 97.38 ആണ് രോഗമുക്തി നിരക്കെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കൊറോണ പരിശോധനയും കഴിഞ്ഞദിവസങ്ങളില്‍ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,28,795 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലത്തെ കണക്കുകള്‍ കൂടി ചേര്‍ന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 46,26,29,773 ആയി ഉയര്‍ന്നെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പറയുന്നു.
മരണനിരക്ക് 1.34 ശതമാനമാണ്. രാജ്യവ്യാപകമായി വാക്സിനേഷന് ആരംഭിച്ചതിന് ശേഷം ഇതുവരെ നല്കിയ വാക്സിന് ഡോസുകളുടെ എണ്ണം 44.19 കോടിയിലെത്തി. രാജ്യത്തെ കൊറോണ കേസുകളില്‍ പകുതിയോളം കേരളത്തിലാണ്. 22,056 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 131 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.