ബാരാബങ്കിയില്‍ ടയര്‍മാറ്റാന്‍ നിര്‍ത്തിയിട്ട ബസില്‍ ട്രക്ക് ഇടിച്ച് 18 പേര്‍ മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ യാത്രക്കാരുമായി പോയ ബസിലേക്ക് ട്രക്കിടിച്ചു കയറി 18 പേര്‍ക്ക് ദാരുണാന്ത്യം.ലക്‌നൗ – അയോധ്യ ദേശീയപാതയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാത്രി ബാരാബങ്കിയിലെ റാം സനേഹി ഘട്ടിനു സമീപമായിരുന്നു സംഭവം നടന്നത്.

ഹൈവേയില്‍ ടയര്‍മാറ്റാനായി നിര്‍ത്തിയിട്ടിരുന്ന വോള്‍വോ ബസിലേയ്ക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡബിള്‍ ഡെക്കര്‍ ബസില്‍ ബിഹാറിലെ ജോലിസ്ഥലത്തു നിന്ന് ഉത്തര്‍പ്രദേശിലേക്ക് മടങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളാണ് ഉണ്ടായിരുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബസിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്ന സമയത്ത് വാഹനത്തിനുള്ളില്‍ വിശ്രമിക്കാന്‍ യാത്രക്കാരെ ഡ്രൈവര്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ വാഹനത്തിലേയ്ക്ക് ട്രക്ക് അപ്രതീക്ഷിതമായി പാഞ്ഞു കയറുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ നിരവധിപേര്‍ മരണമടഞ്ഞു. അപകടത്തില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചതായി പൊലീസ് അറിയിച്ചു. ബസിനടിയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ ശ്രമം തുടരുകയാണെന്ന് ലക്‌നൗ സോണ്‍ എഡിജി സത്യനാരായണ്‍ സബത് അറിയിച്ചു.