ന്യൂഡെൽഹി: ജാർഖണ്ഡ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ മാവോവാദികൾ കുട്ടികളെ സംഘത്തിൽ ചേർക്കുകയും സായുധ പരിശീലനം നൽകുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ അറിയിച്ചതാണ് ഇക്കാര്യം. കുട്ടികളെ സംഘത്തിലേക്ക് എത്തിച്ച ശേഷം ഭക്ഷണം പാകം ചെയ്യുന്നതിനും, സുരക്ഷാ സേനയുടെ നീക്കങ്ങൾ മുൻകൂട്ടി മനസ്സിലാക്കി വിവരം അറിയിക്കുന്നതിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് മാവോവാദി ആക്രമണവും സാന്നിധ്യവും കുറയുന്നുണ്ട്. ഇവരുടെ ആക്രമണത്തിൽ സാധാരണ പൗരൻമാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുന്നതും കുറയുന്നുണ്ടെന്നും റായ് ലോക്സഭയിൽ അറിയിച്ചു. മാവോവാദികളുടെ ഭീഷണി നേരിടുന്നതിനായി മോദി സർക്കാർ 2015ൽ പ്രത്യേക ദേശീയ നയവും ആക്ഷൻ പ്ലാനും സ്വീകരിച്ചിരുന്നു. സംസ്ഥാന സർക്കാരുകൾക്ക് ഇതിന്റെ ഭാഗമായി വലിയ പിന്തുണയാണ് സേനകളുടെ ആധുനികവത്കരണത്തിനുൾപ്പെടെ കേന്ദ്രം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ജാർഖണ്ഡ്, ബിഹാർ, ആന്ധ്ര എന്നിവിടങ്ങളിൽ അടുത്തിടെ മാവോവാദികൾക്കെതിരെ നടത്തിയ നിർണായകമായ ചില ഓപ്പറേഷനുകളെക്കുറിച്ചും മന്ത്രി പറഞ്ഞു. ജാർഖണ്ഡിൽ ഈ മാസം ബുദ്ധേശ്വർ ഒറോൺ എന്ന കുപ്രസിദ്ധ മാവോവാദിയെ കൊലപ്പെടുത്തിയിരുന്നു. ഏപ്രിലിലാണ് ബിഹാറിൽ കോല യാദവിനെ അറസ്റ്റ് ചെയ്തത്. വിശാഖപട്ടണത്ത് ആറ് മാവോവാദികളെ ജൂണിൽ സുരക്ഷാസേന വധിച്ചിരുന്നു.