കാർഗിലിൽ ഇന്ത്യ നേടിയ യുദ്ധ വിജയത്തിന് ഇന്ന് 22 വയസ്സ്

ന്യൂഡെൽഹി: കാർഗിലിൽ ഇന്ത്യ നേടിയ യുദ്ധ വിജയത്തിന് ഇന്ന് 22 വയസ്സ്. 1999 മേയ് എട്ടു മുതൽ ജൂലൈ 26 വരെയായിരുന്നു കാർഗിൽ യുദ്ധം. തണുത്തുറഞ്ഞ കാർഗിലിലെ ഉയരമേറിയ കുന്നുകളിൽ ഒളിച്ചിരുന്ന നുഴഞ്ഞു കയറ്റക്കാരെ ധൈര്യം കവചമാക്കിയും ചങ്കൂറ്റം ആയുധമാക്കിയുമാണ് ഇന്ത്യൻ സൈനികർ നേരിട്ടത്. ആ ഐതിഹാസിക വിജയത്തിന്റെ ഓർമദിനമാണ് ഇന്ന്.

ഹിമാലയത്തിലെ ആട്ടിടയന്മാർ കാർഗിലെ മലമുകളിൽ അപരിചിതരമായ ആളുകളെ കണ്ടതോടെയാണ് നുഴഞ്ഞുകയറ്റത്തെക്കുറിച്ച് വിവരം ലഭിച്ചത്. ആട്ടിടയന്മാർ ഇന്ത്യൻ സൈന്യത്തെ വിവരമറിയിച്ചു. ‌‌തിരിച്ചിലിന് പോയ സംഘത്തിലെ നിരവധി സൈനികർ മരിച്ചു. പലരും രക്തത്തിൽ കുളിച്ചാണ് തിരിച്ചെത്തിയത്. നിരീക്ഷണ പറക്കൽ നടത്തിയ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു. പിന്നാലെയാണ് ഓപ്പറേഷൻ വിജയ്‌ തുടങ്ങാൻ ഇന്ത്യൻ സൈന്യം നടപടിസ്വീകരിച്ചത്.

ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളും കാർഗിൽ യുദ്ധത്തിൽ പങ്കാളികളായി. 72 ദിവസത്തോളം രാവും പകലുമില്ലാതെ നീണ്ട പോരാട്ടത്തിൽ ഇന്ത്യയ്ക്കു 527 വീര യോദ്ധാക്കളെയാണ് നഷ്ടപ്പെട്ടത്. തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ നുഴഞ്ഞു കയറി പാക്ക് സൈന്യത്തെ ‌മൂന്നുമാസം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ഇന്ത്യ തുരത്തിയത്.

യുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ ഓർമയ്ക്കായാണ് ജൂലായ് 26 കാർഗിൽ വിജയദിവസമായി ആചരിക്കുന്നത്. ഡെൽഹി ഇന്ത്യാഗേറ്റിലെ യുദ്ധ സ്മാരകത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രിയും മറ്റു പ്രമുഖരും ഇന്ന് പുഷ്പചക്രം അർപ്പിക്കുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും. കാർഗിൽ വിജയ് ദിവസ് ആഘോഷത്തിൽ പങ്കെടുക്കാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാർഗിലിലെത്തും.