ആന്റിഗ്വയില്‍ നിന്ന് തട്ടികൊണ്ടുപോയത് റോ ഉദ്യോഗസ്ഥര്‍; ക്രൂരമര്‍ദ്ദം നേരിട്ടതായി മെഹുല്‍ ചോക്സി

ന്യൂഡെല്‍ഹി: ആന്റിഗ്വയില്‍ നിന്ന് തന്നെ റോ ഉദ്യോഗസ്ഥര്‍ തട്ടികൊണ്ടുപോവുകയായിരുന്നുവെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്‌സി. രണ്ട് റോ ഉദ്യോഗസ്ഥരാണ് തട്ടിക്കൊണ്ടുപോയതെന്നാണ് മെഹുല്‍ ചോക്‌സിയുടെ വെളിപ്പെടുത്തല്‍.

ഗുര്‍മിത് സിംഗ്, ഗുര്‍ജിത് ഭണ്ഡല്‍ എന്നിവരാണ് തന്നെ റോ ഏജന്റുകളാണെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയത്. ചോദ്യം ചെയ്യലിന് കൊണ്ടുപോവുകയാണെന്നാണ് അവര്‍ അറിയിച്ചത്. വളരെ മോശമായാണ് അവര്‍ പെരുമാറിയതെന്നും ഇരുവരും തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും മെഹുല്‍ ചോക്‌സി പറയുന്നു. ഒരു ദേശീയ മാധ്യമത്തോട് മെഹുല്‍ ചോക്‌സി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

കാമുകിയായ ബാര്‍ബറ ജറാബിക്കയെ ഡിന്നര്‍ കഴിക്കാന്‍ കൂട്ടികൊണ്ടുപോകാന്‍ അവരുടെ വീട്ടിലെത്തിയ ചോക്‌സിയെ അവിടെ നിന്നുമാണ് തട്ടികൊണ്ടുപോയതെന്നും ചോക്‌സി പറയുന്നു. മേയ് 23 ന് ബാര്‍ബറ ജറാബിക്കയുടെ വീട്ടിലെത്തിയ ചോക്‌സിയെ അവര്‍ അകത്തേക്ക് ക്ഷണിച്ചു. അതില്‍ അസ്വഭാവികത തോന്നാതിരുന്ന ചോക്‌സി ആ ക്ഷണം സ്വീകരിച്ച് അകത്തു ചെന്നു. തുടര്‍ന്ന അവര്‍ നല്‍കിയ വൈന്‍ കുടിച്ച് സോഫയിലിരിക്കവെ ഇരുവശത്ത് നിന്നും ഒരു കൂട്ടമാളുകള്‍ അവിടേക്ക് കടന്നുവന്നതായി ചോക്‌സി വെളിപ്പെടുത്തുന്നു.

ചോക്‌സി ആരാണെന്ന് അറിയാമെന്ന് പറഞ്ഞ് എത്തിയ ആളുകള്‍ ചോദ്യം ചെയ്യലിനായി കൊണ്ടുപോകുന്നുവെന്ന് പറഞ്ഞു. അവരില്‍ രണ്ടുപേര്‍ തന്റെ കൈകളില്‍ പിടിച്ചു, രണ്ടുപേര്‍ കാലുകളിലും. തുടര്‍ന്ന് എടുത്തുകൊണ്ട് പോവുകയായിരുന്നു ചെയ്തതെന്നാണ് ചോക്‌സി പറയുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ തട്ടിപ്പ് നടത്തിയ ശേഷം രാജ്യത്ത് നിന്നും കടന്നുകളഞ്ഞ മെഹുല്‍ ചോക്‌സി ഇന്ത്യ അന്വേഷിക്കുന്ന പ്രധാന കുറ്റവാളികളിലൊരാളാണ്. കരീബിയന്‍ ദ്വീപായ ആന്റിഗ്വയിലാണ് 2018 മുതല്‍ ചോക്‌സി കഴിഞ്ഞിരുന്നത്.മേയ് അവസാന ആഴ്ചയില്‍ ഇിവടെ നിന്നും കാണാതായ ചോക്‌സി ഡൊമിനികയില്‍ വെച്ച് പിടിയിലാവുകയായിരുന്നു.

കേസ് അന്വേഷിക്കുന്ന സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചോക്‌സിയെ രാജ്യത്ത് തിരികെയെത്തിക്കാനുള്ള നിയമനടപടികള്‍ വേഗത്തിലാക്കിയിരുന്നു. ഇതിനിടെയാണ് ചോക്‌സിയെ അന്റ്വിഗയില്‍ നിന്നും കാണാതാവുന്നത്. ബോട്ടില്‍ മറ്റൊരു കരീബിയന്‍ ദ്വീപായ ഡൊമിനിക്കയില്‍ എത്തിയ ചോക്‌സി അവിടെ നിന്നും ക്യൂബയിലേക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ചോക്‌സിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാല്‍ ഡൊമിനികന്‍ പൊലീസിന്റെ പിടിയിലാവുകയായിരുന്നു.