ഡെല്‍ഹി പൊലീസിന് ആരേയും അറസ്റ്റ് ചെയ്യാനുള്ള അധികാരം നല്‍കി ലഫ്റ്റനൻ്റ് ഗവര്‍ണര്‍

ന്യൂഡെല്‍ഹി: രാജ്യതലസ്ഥാനത്തെ സുരക്ഷ മുന്‍നിര്‍ത്തി ഡെല്‍ഹി പൊലീസിന് പ്രത്യേക അധികാരം നല്‍കി ഡെല്‍ഹി ലഫ്റ്റനൻ്റ് ഗവര്‍ണര്‍. ദേശീയ സുരക്ഷാ നിയമപ്രകാരം ഒക്ടോബര്‍ 18വരെ ഭീഷണിയാണെന്ന് തോന്നുന്ന ആരെയും അറസ്റ്റ് ചെയ്യാനാണ് ഡെല്‍ഹി പൊലീസിന് ലഫ്റ്റനൻ്റ് ഗവര്‍ണര്‍ അനില്‍ ബൈജാള്‍ അധികാരം നല്‍കിയത്. ഡെല്‍ഹി പൊലീസിന് നല്‍കിയ പ്രത്യേക അധികാരം ജൂലായ് 19 മുതല്‍ പ്രാബല്യത്തില്‍ വന്നു.

കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കര്‍ഷക നിയമത്തിനെതിരെ കര്‍ഷകര്‍ സമരം ശക്തിപ്പെടുത്താന്‍ ആലോചിക്കുന്നതിനിടെയാണ് പൊലീസിന് പ്രത്യേക അധികാരം നല്‍കുന്നതെന്നതും ശ്രദ്ധേയമാണ്. എന്നാല്‍, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ഡേ എന്നീ ദേശീയ ആഘോഷങ്ങള്‍ക്ക് മുന്‍പായി നല്‍കുന്ന ഉത്തരവാണിതെന്ന് ചില മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

ജന്തര്‍ മന്ദര്‍ കേന്ദ്രീകരിച്ചാണ് കര്‍ഷര്‍ ഇപ്പോള്‍ പ്രതിഷേധം നടത്തുന്നത്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഡെല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഭീകരാക്രമണ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. ജമ്മുവിലെ വിമാനത്താവളത്തിലെ വ്യോമസേന മേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് ഭീകരര്‍ ആക്രമണം ഞെട്ടലുണ്ടാക്കിരുന്നു. പിന്നാലെ പാകിസ്ഥാനില്‍ നിന്നുള്ള ഡ്രോണുകള്‍ സൈന്യം വെടിവച്ചിടുകയും ചെയ്തിരുന്നു.

ഭീകരാക്രമണ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് ലഫ്റ്റനൻ്റ് ഗവര്‍ണര്‍ ഡെല്‍ഹി പൊലീസ് കമീഷണര്‍ ബാലാജി ശ്രീവാസ്തവയ്ക്ക് പ്രത്യേക അധികാരം നല്‍കിയത്. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കിയതിന്റെ രണ്ടാം വാര്‍ഷിക ദിനമായ ഓഗസ്റ്റ് അഞ്ചിന് പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ വിവിധയിടങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായുള്ള വിവരവും രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരുന്നു.