ഇന്ത്യക്കാരെ താലിബാന് വെറുപ്പ് ; ഡാനിഷ് സിദ്ധിഖി ഇന്ത്യക്കാരനെന്ന് അറിഞ്ഞപ്പോൾ മൃതദേഹത്തോട് അനാദരവ് കാണിച്ചതായി വെളിപ്പെടുത്തല്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരരുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹത്തോട് താലിബാന്‍ അനാദരവ് കാണിച്ചതായി വെളിപ്പെടുത്തല്‍. അഫ്ഗാന്‍ സൈന്യത്തിലെ കമാന്‍ഡറാണ് സിദ്ധിഖിയുടെ അവസാന നിമിഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.

സിദ്ദിഖിയെ താലിബാന്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.ഇതിനു ശേഷം മൃതശരീരത്തോട് യാതൊരു വിധത്തിലുമുള്ള ആദരവും താലിബാന്‍ കാണിച്ചില്ലെന്ന് അഫ്ഗാന്‍ കമാന്‍ഡറായ ബിലാല്‍ അഹമ്മദ് പറഞ്ഞു. താലിബാന് ഇന്ത്യക്കാരെ വെറുപ്പാണെന്നും അതുകൊണ്ട് അവര്‍ മൃതദേഹത്തെ വീണ്ടും ഉപദ്രവിച്ചതെന്നും ബിലാല്‍ അഹമ്മദ് പറഞ്ഞു.

ദേഹത്ത് വീണ്ടും മുറിവുകളുണ്ടാക്കി. സിദ്ദിഖി ഇന്ത്യക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ തലയ്ക്ക് മുകളിലൂടെ അവര്‍ വണ്ടിയോടിച്ച് കയറ്റി. ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡാനിഷ് സിദ്ദിഖിയുടെ മരണത്തെ കുറിച്ച് ഇദ്ദേഹം വെളിപ്പെടുത്തിയത്.

വെടിവെപ്പില്‍ തന്നെ ഡാനിഷിന് മരണം സംഭവിച്ചിരുന്നെന്ന് അവര്‍ക്കറിയാമായിരുന്നെന്നും ബിലാല്‍ പറഞ്ഞു. സ്പിന്‍ ബോല്‍ഡാക് എന്ന നഗരത്തില്‍ വെച്ചാണ് ഡാനിഷ് സിദ്ദിഖിയുടെ വാഹനത്തെ താലിബാന്‍ ആക്രമിക്കുന്നത്. അദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്ന സൈനികനെയും വെടിവെച്ചിടുകയായിരുന്നുവെന്നും ബിലാല്‍ പറയുന്നു.

അതേസമയം ബിലാലിന്റെ വാദങ്ങളെ താലിബാന്‍ നിഷേധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഡാനിഷിന്റെ മരണത്തിന് തങ്ങള്‍ ഉത്തരവാദികളല്ലെന്നാണ് താലിബാന്‍ വക്താവ് പറഞ്ഞതായി ഇന്ത്യാ ടുഡേ ആവർത്തിക്കുന്നു. ‘ഞങ്ങള്‍ ഡാനിഷിനെ കൊന്നിട്ടില്ല. അയാള്‍ ശുത്രുസൈന്യത്തിന്റെ ഒപ്പമായിരുന്നു. ഇവിടെ ഏതെങ്കിലും മാധ്യമപ്രവര്‍ത്തകന് വരണമെങ്കില്‍ ഞങ്ങളോടാണ് സംസാരിക്കേണ്ടത്,’ താലിബാന്‍ വക്താവ് പറഞ്ഞു.

ഇതിന് മുന്‍പും ഡാനിഷ് സിദ്ദിഖിയും മരണത്തില്‍ ഖേദിക്കുന്നതായി താലിബാന്‍ അറിയിച്ചിരുന്നു. ഇന്ത്യക്കാരനായ പത്രപ്രവര്‍ത്തര്‍കനാണെന്ന് അറിഞ്ഞിരുന്നില്ലെന്നും , അറിഞ്ഞിരുന്നെങ്കില്‍ സുരക്ഷ നല്‍കുമെന്നുമായിരുന്നു താലിബാന്റെ പ്രതികരണം. സിദ്ധിഖി മരിച്ചത് എങ്ങിനെയാണെന്ന് അറിയില്ലെന്നും താലിബാന്‍ പറഞ്ഞിരുന്നു.

ജൂലൈ 16ന് താലിബാനും അഫ്ഗാന്‍ സേനയും തമ്മില്‍ കാണ്ഡഹാറിലുണ്ടായ വെടിവെപ്പിലാണ് ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടത്. പുലിറ്റ്സര്‍ പ്രൈസ് ജേതാവും റോയിട്ടേഴ്സ് ഫോട്ടോഗ്രാഫറുമായിരുന്നു ഡാനിഷ്. കഴിഞ്ഞയാഴ്ചയാണു കാണ്ഡഹാര്‍ താവളത്തില്‍നിന്നുള്ള അഫ്ഗാന്‍ സേനയ്‌ക്കൊപ്പം സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനായി സിദ്ദിഖി യുദ്ധമുഖത്തേക്കു പോയത്.

കാണ്ഡഹാറില്‍ താലിബാന്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളുടെ ചിത്രം പകര്‍ത്തുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അവസാനമായി മേഖലയില്‍നിന്ന് സിദ്ദിഖി ചിത്രം പകര്‍ത്തി പുറത്തുവിട്ടത്. കാണ്ഡഹാറിലെ താലിബാന്‍ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

താലിബാന്‍ റെഡ് ക്രോസിന് കൈമാറിയ ഡാനിഷിന്റെ മൃതദേഹം ഇന്ത്യയിലെത്തിച്ച ശേഷം അദ്ദേഹം പഠനം നടത്തിയ ജാമിയ മില്ലിയ സര്‍വകലാശാലയിലായിരുന്നു അടക്കം ചെയ്തത്.