ന്യൂഡെല്‍ഹി: കനത്ത മഴയില്‍ ഓടികൊണ്ടിരുന്ന കാര്‍ റോഡിലെ ഗര്‍ത്തത്തില്‍ താഴ്ന്നു. കാറിലുണ്ടായിരുന്ന പൊലീസുകാരന് അത്ഭുതകരമായി രക്ഷപ്പെട്ടു.ഡെല്‍ഹിയിലെ ദ്വാരകയിലാണ് സംഭവമുണ്ടായത്.
ഡെല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ സംസ്ഥാനത്തെ റോഡുകള്‍ പലതും പൊട്ടിപൊളിഞ്ഞിരുന്നു. തകര്‍ന്ന റോഡിലൂടെ പോകവെ കാര്‍ പൊടുന്നനെ ഗര്‍ത്തത്തിലേക്ക് പതിക്കുകയായിരുന്നു. നിരവധി അടി താഴ്ചയുള്ള ഒരു ഗര്‍ത്തതിലേക്ക് ആദ്യം കാറിന്റെ മുന്‍ഭാഗം വീഴുകയും പിന്നീട് കാര്‍ പൂര്‍ണമായും മുങ്ങുകയുമായിരുന്നു.
ഡെല്‍ഹി ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിള്‍ അശ്വനിയുടെ കാറാണ് ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ടത്. എന്നാല്‍ ഉടനെ കാറില്‍ നിന്നും പുറത്ത് കടക്കാന്‍ കഴിഞ്ഞതിനാല്‍ അശ്വിനി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയെടുത്തു. കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ 70 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്.
കഴിഞ്ഞ മാസം സമാനമായ സംഭവം മുംബൈയിലെ ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്സിലും ഉണ്ടായിരുന്നു. നിര്‍ത്തിയിട്ടിരുന്ന ഒരു കാര്‍ നിമിഷങ്ങള്‍ക്കകം ഗര്‍ത്തത്തിലേക്ക് പതിക്കുകയും അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു.