ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ പാര്‍ലമെന്റിൻ്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം; സഭകൾ നിര്‍ത്തിവച്ചു

ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ ബഹളം. ലോക്‌സഭയിലും രാജ്യസഭയിലും വിഷയം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിച്ചു. ബഹളം രൂക്ഷമായതോടെ ഇരു സഭകളും നിര്‍ത്തിവെച്ചു. ലോക്‌സഭ രണ്ടു മണി വരെയും രാജ്യസഭ ഒരു മണി വരെയുമാണ് നിര്‍ത്തിയത്.

ഇരുസഭകളും ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യവുമായി രംഗത്തെത്തുകയായിരുന്നു. സര്‍ക്കാരിന് മറുപടി നല്‍കാന്‍ അവസരം നല്‍കണമെന്ന് സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അംഗങ്ങള്‍ ബഹളം തുടര്‍ന്നു. സഭാനടപടികള്‍ തുടരാന്‍ സ്പീക്കര്‍ തീരുമാനിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങുകയായിരുന്നു.

രാവിലെ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗമാണ് ഫോണ്‍ ചോര്‍ത്തലില്‍ പ്രതിഷേധം കടുപ്പിക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികള്‍ യോഗത്തില്‍ സംബന്ധിച്ചു. ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് നിരാശപ്പെടുത്തുന്നതാണെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയി പറഞ്ഞു. ജുഡീഷ്യല്‍ മേല്‍നോട്ടത്തിലുള്ള അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷ നിലപാടില്‍ പ്രധാനമന്ത്രി ദുഃഖിതനാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി പറഞ്ഞു. പെഗാസസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒരു ബന്ധവുമില്ല. കേന്ദ്ര ഐടി മന്ത്രി ഇക്കാര്യം വ്യക്തമാക്കിയതാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കേണ്ടത്. കോണ്‍ഗ്രസ് നിരുത്തരവാദപരമായാണ് പെരുമാറുന്നത്. കൂടുതല്‍ ക്രിയാത്മക ചര്‍ച്ചകള്‍ നടക്കണമെന്നാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.