മംഗളൂരു: യോഗ ചെയ്യുന്നതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. ഓസ്കാര്‍ ഫെര്‍ണാണ്ടസിന് (80) വീണു പരിക്കേറ്റു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹം അബോധാവസ്ഥയില്‍ മംഗളുരു സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാവിലെ മംഗളൂരു അത്താവറിലെ ഫ്ളാറ്റില്‍ യോഗ ചെയ്യുന്നതിനിടെയാണ് ഓസ്കര് ഫെര്‍ണാണ്ടസ് തലയടിച്ചു വീണത്. വീണ് മണിക്കൂറുകള്‍ കഴിഞ്ഞെങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ വൈകിട്ട് പതിവു വൈദ്യപരിശോധനക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് തലയില്‍ രക്തം കട്ട കെട്ടിയതായി കണ്ടെത്തിയത്.
രാത്രിയോടെ അബോധാവസ്ഥയില്‍ ആവുകയും ചെയ്തു. ഇദ്ദേഹത്തിന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. പക്ഷെ,വൃക്ക തകരാര്‍ ഉള്‍പ്പെടെ വിവിധ ശാരീരിക ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ പെട്ടന്ന് ശസ്ത്രക്രിയ നടത്തുക ബുദ്ധിമുട്ടാണെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.