ബക്രീദിന് കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ്; വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയിൽ

ന്യൂഡെല്‍ഹി: പെരുന്നാളിനോട് അനുബന്ധിച്ച്‌ കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത് വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ചില മേഖലകളില്‍ മാത്രമാണ് വ്യാപാരികള്‍ക്ക് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. സംസ്ഥാനം കൊറോണ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കും.

ടി.പി.ആര്‍ കുറച്ചുകൊണ്ടുവരാന്‍ ശ്രമം തുടരുകയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. മൂന്ന് ദിവസത്തെ ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ച കേരള സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി മലയാളി പി.കെ.ഡി നമ്പ്യാര്‍ ആണ് കോടതിയെ സമീപിച്ചത്.

0.2 ശതമാനം ടി.പി.ആര്‍ ഉള്ള ഉത്തര്‍പ്രദേശില്‍ കാവടിയാത്ര സുപ്രീം കോടതി തടഞ്ഞതായി നമ്പ്യാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വികാസ് സിങ് കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേരളത്തില്‍ ടി.പി.ആര്‍ 10 ശതമാനത്തില്‍ അധികം ആണ്. രാജ്യത്ത് ഏറ്റവും അധികം പ്രതിദിന കൊറ്റേണ കേസുകള്‍ ഉണ്ടായിട്ടും പെരുന്നാളിനായി മൂന്ന് ദിവസം ഇളവുകള്‍ കേരളം അനുവദിച്ചിരിക്കുകയാണെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു.

ആരോപണം അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ലോക്ഡൗണ്‍ ഇളവുകള്‍ കൃത്യമായി സംസ്ഥാന സര്‍ക്കാര്‍ പാലിക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.