കനത്ത മഴ; മുംബൈ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 23ആയി; രണ്ട് ലക്ഷം ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

മുംബൈ: കനത്തമഴയെ തുടർന്ന് മുംബൈയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 23ആയി. ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ ദുരന്തത്തിൽ നിരവധി പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞുവീണ് 17പേർ മരിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതം നൽകും.

അതേസമയം, മുംബൈ നഗരത്തിൽ കനത്ത മഴ തുടരുകയാണ്. റെയിൽവെ പാളങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. 17 ട്രെയിനുകൾ റദ്ദാക്കിയതായി സബർബൻ റെയിൽവെ അറിയിച്ചു. പ്രധാന റോഡുകളും വെള്ളത്തിനടിയിലാണ്. വരും മണിക്കൂറുകളിൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇന്നലെ രാത്രി എട്ടുമണി മുതൽ പുലർച്ചെ രണ്ടുമണിവരെ 156.94 മില്ലിമീറ്റർ മഴയാണ് മുംബൈയിൽ ലഭിച്ചത്. ഇത് റെക്കോർഡാണ്. മുംബൈയുടെ കിഴക്ക്,പടിഞ്ഞാറ് പ്രാന്തപ്രദേശങ്ങളിലും കനത്തമഴയാണ് ലഭിച്ചത്.