കനത്ത മഴയില്‍ മുങ്ങി മുംബൈ; മണ്ണിടിച്ചിലില്‍ 14 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മുംബൈ: കനത്ത മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചലില്‍ മുംബൈയില്‍ 14 മരണം. രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിലാണ് പതിനാല് പേര്‍ മരിച്ചത്. മുംബൈയിലെ ചെമ്പൂരിലെ ഭരത് നഗറിലാണ് ആദ്യ ദുരന്തമുണ്ടായത്. ഭിത്തി ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേരെ കാണാതായതായി. സംഭവസ്ഥലത്തുനിന്ന് ഇതുവരെ 15 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.

മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്നാണ് ശനിയാഴ്ച രാത്രിയോടെ അപകടമുണ്ടായത്. ഒരു കോളനിക്ക് മുകളിലേക്കാണ് ഭിത്തി ഇടിഞ്ഞുവീണതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ബിഎംസി അറിയിച്ചു.

വിക്രോളിയിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇവിടെ നിന്ന ഇനി ആറ് പേരെ കണ്ടെത്താനുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. മുംബൈയിലെ ലോക്കല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു.

ശനിയാഴ്ച ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുംബൈയില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിക്കുകയും അടുത്ത 24 മണിക്കൂര്‍ നഗരത്തില്‍ മഴ പ്രവചിക്കുകയും ചെയ്തിരുന്നു.