അടിയന്തര ഘട്ടങ്ങളിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ ദേശീയപാതകളിലും ഇറങ്ങും

ജയ്പൂ‌ർ: അടിയന്തര ഘട്ടങ്ങളിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ ദേശീയപാതകളിലും ഇറങ്ങും. ഇതിനു മുന്നോടിയായി നടത്തിയ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചുവെന്ന് ഇന്ത്യൻ വ്യോമസേന വ്യക്തമാക്കി. രാജസ്ഥാനിലെ ജലോറിൽ വ്യോമസേനയുടെ രണ്ട് യുദ്ധ ഹെലികോപ്ടറുകൾ റോഡിൽ ഇറക്കി നടത്തിയ പരീക്ഷണം വിജയകരമായിരുന്നു.

വ്യോമസേന നാഷണൽ ഹൈവേ അതോറിറ്റി, ജലോർ പൊലീസ് സേന എന്നിവയുടെ നേതൃത്വത്തിൽ കർശന സുരക്ഷ ഏർപ്പെടുത്തിയതിനു ശേഷമാണ് ഹെലികോപ്ടറുകൾ റോഡിൽ ഇറക്കിയത്. ഇത്തരത്തിൽ യുദ്ധം, പ്രകൃതിദുരന്തം എന്നിവയുടെ സമയങ്ങളിൽ വിമാനങ്ങൾ റോഡുകളിൽ ഇറക്കുവാൻ സാധിച്ചാൽ അത് വലിയരീതിൽ ഗുണം ചെയ്യും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി യുദ്ധവിമാനങ്ങൾ ഇറക്കുവാൻ സാധിക്കുന്ന 25 ഓളം റോഡുകൾ കേന്ദ്ര ഗതാഗതവകുപ്പ് കണ്ടെത്തി പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പ്രതിരോധ വകുപ്പിന്റെ നിർദേശം അനുസരിച്ചാണ് ഇത്തരത്തിൽ ഒരു നീക്കം ഗതാഗത വകുപ്പ് നടത്തിയത്. രാജ്യരക്ഷ പരിഗണിച്ച്‌ അവയുടെ പട്ടിക അതീവ രഹസ്യമായി തന്നെ സൂക്ഷിക്കാനാണ് വ്യോമസേനയുടേയും കേന്ദ്ര പ്രതിരോധ വകുപ്പിന്റെയും തീരുമാനമെന്ന് സൈനിക വക്താക്കൾ വ്യക്തമാക്കി.