കന്‍വര്‍ യാത്ര പുനപരിശോധിക്കണമെന്ന് സുപ്രീംകോടതി; യാത്രയില്‍ നിന്ന് സംസ്ഥാനങ്ങളെ വിലക്കണമെന്ന് കേന്ദ്രവും

ന്യൂഡെല്‍ഹി: കൊറോണ പ്രതിസന്ധി രാജ്യത്ത് തുടരുന്ന സാഹചര്യം കണക്കിലെടുത്ത് കന്‍വാര്‍ യാത്രയില്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. കന്‍വാര്‍ യാത്രയ്ക്ക് അനുമതി നല്‍കിയ തീരുമാനം പുനപരിശോധിക്കണമെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു.

‘പ്രതീകാത്മക’ കന്‍വര്‍ യാത്ര പോലും നടത്താതിരിക്കാന്‍ ആലോചിക്കണമെന്ന് പറഞ്ഞ കോടതി മതപരമായ അവകാശങ്ങളെക്കാള്‍ വലുതാണ് ജീവിക്കാനുള്ള അവകാശമെന്നും ചൂണ്ടിക്കാട്ടി. ജസ്റ്റീസ് നരിമാന്റെ ബഞ്ചാണ് കൊറോണ സാഹചര്യത്തില്‍ കോടിക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന കന്‍വര്‍ യാത്രയ്ക്ക് അനുമതി നല്‍കരുതെന്ന് നിര്‍ദ്ദേശിച്ചത്.

”മതപരമായാലും മറ്റെല്ലാ വികാരങ്ങളും ജീവാക്കാനുള്ള അടിസ്ഥാന മൗലികാവകാശത്തിന് വിധേയമാണ്. തീരുമാനം എല്ലാവരേയും ആശങ്കപ്പെടുത്തുന്നു. ഇന്ത്യയിലെ പൗരന്മാരുടെ ആരോഗ്യവും ജീവിക്കാനുള്ള അവകാശവും പരമപ്രധാനമാണ”-ജസ്റ്റിസ് നരിമാന്‍ പറഞ്ഞു.

അതേസമയം കേന്ദ്രവും യാത്രയ്ക്ക് അനുമതി കൊടുക്കരുതെന്ന നിലപാടാണ് സ്വീകരിച്ചത്. രാജ്യത്തെ പകര്‍ച്ചവ്യാധി കണക്കിലെടുത്ത് ക്ഷേത്രങ്ങളില്‍ കന്‍വര്‍ യാത്രികര്‍ക്ക് ഗംഗാജല ലഭ്യത ഉറപ്പാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് സംസ്ഥാനങ്ങള്‍ കന്‍വര്‍ യാത്രയെ അനുവദിക്കരുതെന്ന് ആവശ്യപ്പെടണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

പരമ്പരാഗതമായ ആചാരമായതിനാല്‍ ടാങ്കറുകളിലോ മറ്റോ ജലം ശേഖരിച്ച് ഭക്തര്‍ക്കിടയില്‍ ഗംഗാജലം വിതരണം ചെയ്യാനുള്ള നടപടികള്‍ ആലോചിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഭക്തര്‍ നടത്തുന്ന അത്തരം ആചാരങ്ങള്‍ സാമൂഹിക അകലവും മാസ്‌ക്കും അടക്കമുള്ള കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണമെന്ന് ഉറപ്പാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.