കേരളമടക്കം കൊറോണ വ്യാപനം നിയന്ത്രിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ന്യൂഡെല്‍ഹി: കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ കൊറോണ വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്താലയം. കൊറോണ വ്യാപനം നിയന്ത്രിച്ചില്ലെങ്കില്‍ രാജ്യമാകെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്.

പല രാജ്യങ്ങളിലും മഹാമാരിയുടെ മൂന്നാം തരംഗത്തിന്റെ സൂചനകള്‍ കണ്ടുതുടങ്ങി. ഈ സാഹചര്യത്തില്‍ രാജ്യം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ദേശീയ കൊറോണ ടാസ്‌ക് ഫോഴ്സ് ചെയര്‍മാന്‍ ഡോ. വി കെ പോള്‍ പറഞ്ഞു. രാജ്യത്ത് 13 സംസ്ഥാനങ്ങളിലെ 55 ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമാണെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊറോണ കേസുകളുടെ എണ്ണത്തില്‍ വളരെ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ ചില സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍ പറയുന്നത്.

രാജ്യത്ത് തന്നെ കൊറോണ മൂന്നാം തരംഗം ആരംഭിച്ചതായുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയാത്ത സാഹചര്യമാണ് ഉളളത്. മഹാരാഷ്ട്രയില്‍ ഈ മാസം ഉയര്‍ന്നനിലയില്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മൂന്നാം തരംഗത്തിന്റെ സൂചനയായി വിദഗ്ദ്ധര്‍ കണക്കാക്കുന്നു. ഇത് സംബന്ധിച്ച സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും മൂന്നാം തരംഗത്തിന്റെ സാധ്യതകള്‍ ആരോഗ്യ രംഗത്തെ വിദഗദ്ധര്‍ പരിശോധിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ മുന്നറിയിപ്പ് നല്‍കുന്നത്.

അതേസമയം, രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളമാണ് മുന്നില്‍. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം പരിശോധിച്ചാലും കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളാണ് മുന്നിലുള്ളത്. കേരളം 30 ശതമാനം മഹാരാഷ്ട്ര 20.8 ശതമാനം, തമിഴ്‌നാട് 8.5 ശതമാനം, ആന്ധ്രാപ്രദേശ് 7.3 ശതമാനം, ഒഡിഷ 6.5 ശതമാനം എന്നിങ്ങനെയാണ് കണക്ക്.