പുൽവാമയിൽ ഏറ്റുമുട്ടല്‍ ; സുരക്ഷാസേന മൂന്ന്​ ഭീകരരെ വധിച്ചു

ശ്രീനഗ‌‌ർ: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. പാകിസ്ഥാനി ലക്ഷർ ഇ ത്വയ്ബ കമാൻഡർ അബു ഹുറൈറ എന്ന ഐജാസ് കൊല്ലപ്പെട്ടതായി കശ്മീർ ഐജിപി അറിയിച്ചു. മരിച്ചവരുടെ സമീപത്തുനിന്ന്​ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതായി കശ്​മീർ സോൺ പൊലീസ്​ അറിയിച്ചു.

നാല് ഭീകരരായിരുന്നു സ്ഥലത്തുണ്ടായിരുന്നത് എന്നാണ് വിവരം. നാലാമനായി തെരച്ചിൽ തുടരുകയാണ്. ഭീകരർ പ്രദേശത്ത്​ ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യ വിവരത്തിൻറെ അടിസ്​ഥാനത്തിലായിരുന്നു തിരച്ചിൽ. പൊലീസും സൈന്യവും സെൻട്രൽ റിസർവ്​ ഫോഴ്​സും പ്രദേശം വളഞ്ഞതിന്​ പിന്നാലെയായിരുന്നു ഏറ്റുമുട്ടൽ.

ഏറ്റുമുട്ടലിൻ്റെ പശ്ചാത്തലത്തിൽ പുൽവാമ നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തി. ഇതിനിടെ അന്താരാഷ്ട്ര അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം കണ്ടെത്തി. അർണിയ മേഖലയിലാണ് ഡ്രോൺ കണ്ടത്. ഇന്നലെ രാത്രിയാണ് സംഭവം.