നികുതിയില്‍ ഇളവ് തേടി തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് കോടതിയിൽ ; ഒരു ലക്ഷം പിഴ ചുമത്തി കോടതി

ചെന്നൈ: നികുതി ഇനത്തില്‍ ഇളവ് തേടി കോടതിയെ സമീപിച്ച തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്ക്ക് പിഴ ചുമത്തി കോടതി. ആഡംബര കാറിന് നികുതി ഇളവ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് വിജയ്ക്ക് മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു.

2012ല്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറായ റോള്‍സ് റോയ്‌സ് ഗോസ്റ്റിന് നികുതിയിളവ് തേടിയാണ് വിജയ് കോടതിയെ സമീപിച്ചത്. എന്നാല്‍ വിജയ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയായിരുന്നു. സിനിമയിലെ സൂപ്പര്‍ ഹീറോകള്‍, ‘റീല്‍ ഹീറോ’ആകരുതെന്ന് കോടതി പറഞ്ഞു. തമിഴ് സിനിമയിലെ തന്നെ ഒരു മുന്‍നിര താരം നികുതിയിളവ് ആവശ്യപ്പെടുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് എസ് എം. സുബ്രഹ്‌മണ്യം പറഞ്ഞു.

വിജയ് അഭിനയിക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ അഴിമതിക്ക് എതിരെയുള്ളതാണ്. ടാക്‌സ് ഒഴിവാക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. തന്റെ സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്ന ലക്ഷക്കണക്കിന് ആരാധകര്‍ക്ക് മാതൃകയാകുകയായിരുന്നു വിജയ് ചെയ്യേണ്ടിരുന്നതെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

സാധാരണക്കാര്‍ നികുതി അടയ്ക്കാനും നിയമം അനുസരിച്ച് ജീവിക്കാനും ശീലിക്കുമ്പോള്‍ സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തികളുടെ ഇത്തരം പ്രവണതകള്‍ തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നാണ് നികുതിയിളവ് ആവശ്യപ്പെട്ടതിന് ഒരു ലക്ഷം രൂപ കോടതി പിഴ ചുമത്തിയത്. പിഴയായി നല്‍കുന്ന ഒരു ലക്ഷം രൂപ തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.