കേരളത്തിലെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പ് നൽകി; എയിംസ് വേണമെന്ന ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചു: മുഖ്യമന്ത്രി

ന്യൂഡെൽഹി: കേരളത്തിലെ വികസന പദ്ധതികൾക്കുള്ള കേന്ദ്രത്തിന്റെ പിന്തുണ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകിയെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജലഗതാഗതം കേരളത്തിൽ പ്രോത്സാഹിപ്പിക്കാനാകില്ലേ എന്ന് പ്രധാനമന്ത്രി ചോദിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാരണസി – കൊൽക്കത്ത ജലപാത ഉദാഹരണമായി മോദി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ തവണ പ്രധാനമന്ത്രിയെ കാണാൻ വന്നപ്പോൾ ​ഗെയിൽ പൈപ്പ് ലൈൻ മുടങ്ങി കിടക്കുന്ന കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ആ പദ്ധതി പൂർത്തിയായ കാര്യം ഇക്കുറി അറിയിച്ചു. കേരളത്തിൽ അധികാര തുട‍ർച്ച നേടിയ എൽഡിഎഫ് സ‍ർക്കാരിനെ മോദി അനുമോദിച്ചെന്ന് പിണറായി പറഞ്ഞു. കേരളത്തിൻ്റെ വികസനത്തിനായി എന്ത് സഹായവും നൽകാമെന്നും അദ്ദേഹം ഉറപ്പ് നൽകി.

വികസനകാര്യങ്ങളിൽ ഏകതാ മനോഭാവത്തോടെ മുന്നോട്ട് പോകേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു. കേരളത്തിൻ്റെ സുപ്രധാനമായ വികസന പദ്ധതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സിൽവർ ലൈൻ സെമി ഹൈ സ്പീഡ് റെയിൽവേ പദ്ധതിയെക്കുറിച്ച് വിശദമായി അദ്ദേഹം ചോദിച്ചറിഞ്ഞു. കേരളത്തിലെ കൊറോണ സാഹചര്യത്തെക്കുറിച്ചും വിശദമായി പ്രധാനമന്ത്രിയുമായി ചർച്ച നടത്തി.

സംസ്ഥാനം സ്വീകരിച്ച കൊറോണ പ്രതിരോധ നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. കൊറോണ നിയന്ത്രണങ്ങളെ തുടർന്ന് സംസ്ഥാനത്തുണ്ടായ സ്തംഭാനവസ്ഥയും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ മാസം അറുപത് ലക്ഷം ഡോസ് വാക്സീൻ ആവശ്യമുണ്ടെന്ന കാര്യവും അദ്ദേഹത്തെ അറിയിച്ചു. ഇക്കാര്യം നേരത്തെയും ആരോ​ഗ്യമന്ത്രാലയത്തെ അറിയിച്ചതാണ്. ഈ മാസം മാത്രം 25 ലക്ഷം ഡോസ് വാക്സീൻ സെക്കൻഡ് ഡോസ് മാത്രമായി നൽകേണ്ടതുണ്ട്.

കേരളത്തിൽ എയിംസ് വേണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമായി പ്രതികരിച്ചു. സംസ്ഥാനത്ത് എയിംസ് വേണമെന്ന കേരളത്തിൻ്റെ ദീർഘകാലമായുള്ള ആവശ്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും ഇക്കാര്യത്തിൽ അദ്ദേഹം അനുകൂല നിലപാട് സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ പ്രായാധിക്യമുള്ളവർ അധികമായതും പകർച്ച വ്യാധികൾ പല​ഘട്ടങ്ങളിലായി വ്യാപിക്കുന്ന അവസ്ഥയും ആരോ​ഗ്യമേഖലയുടെ ശാക്തീകരണം ആവശ്യപ്പെടുന്ന ഒന്നാണ്. കേരളത്തിലെ ആരോ​ഗ്യമേഖലയുടെ കരുത്തിനെക്കുറിച്ച് അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. അത്തരത്തിലുള്ള ശാക്തീകരണത്തിന് എയിംസ് കൂടി അനിവാര്യമാണെന്ന് അദ്ദേഹത്തോട് പറഞ്ഞു.