കോട്ടയം: ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ കബറടക്കം നടന്നു. കോട്ടയം ദേവലോകം അരമനയിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം.
പരിശുദ്ധ ബാവയ്ക്ക് അന്തിനോപചാരമർപ്പിക്കാൻ പരുമല സെന്റ് ഗ്രിഗേറിയസ് പള്ളിയിൽ നിയന്ത്രണങ്ങൾ പാലിച്ചാണ് ജനങ്ങളെത്തിയത്. കോട്ടയം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് മൂന്നുമണിയോടെയാണ് വിടവാങ്ങൽ ശുശ്രൂഷ നടന്നത്.
അർബുദ ബാധിതനായിരുന്ന കാതോലിക്കാ ബാവ ഏറെ നാളുകളായി പരുമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ 2.30ഓടെയായിരുന്നു വിയോഗം. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി തുടങ്ങിയവരും അനുശോചനമറിയിച്ചു.