മുംബൈ: രാജ്യത്ത് കൊറോണ മൂന്നാം തരംഗം ആരംഭിച്ചതായുള്ള സൂചനകള്‍ ലഭിക്കുന്നതായി വിദഗ്ദ്ധര്‍. മൂന്നാം തരംഗത്തിന്റെ ലക്ഷണങ്ങളാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 11 ദിവസങ്ങളിലായി ഉയര്‍ന്ന നിരക്കിലാണ് കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്രമാതീതമായി കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്നതാണ് ഇങ്ങിനെയൊരു വിലയിരുത്തലിലേക്ക് ആരോഗ്യവിദഗ്ദ്ധരെ നയിക്കുന്നത്.
ജൂലായ് മാസത്തിലെ ആദ്യ ദിവസങ്ങളില്‍ മാത്രം 88,130 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം തരംഗത്തിന്റെ അവസാനത്തില്‍ സംസ്ഥാനത്ത് പ്രതിദിന കൊറോണ കേസുകളുടെ എണ്ണം വളരെ കുറവായിരുന്നു. എന്നിരുന്നാലും, ജൂലായില്‍ കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. ഈ മാസം പത്ത് വരെ 79,500 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ കേസുകളില്‍ പൊടുന്നനെയുണ്ടായ ഈ വളര്‍ച്ചയാണ് മൂന്നാം തരംഗമെന്ന് സംശയിക്കാന്‍ കാരണം.
ആദ്യ രണ്ട് കൊറോണ തരംഗങ്ങളുമുണ്ടായപ്പോള് ഇതേ രീതിയിലാണ് കാര്യങ്ങള്‍ നീങ്ങിയിരുന്നതെന്നാണ് വിദ്ഗദ്ധരുടെ അഭിപ്രായം. കൊറോണ തരംഗങ്ങളിലെ രാജ്യത്തെ ആദ്യത്തെ ക്ലസ്റ്ററുകള്‍ മഹാരാഷ്ട്രയിലാണ് റിപ്പോര്‍ട്ട് ചെയ്തത് എന്നതും മൂന്നാം തരംഗത്തിലേക്കുള്ള സൂചനയായി പരിഗണിക്കുന്നു.
മഹാരാഷ്ട്രയിലെ കോലാപൂരില്‍ മാത്രം കഴിഞ്ഞ ആഴ്ചയില്‍ 3,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് രാജ്യത്ത് മഹാരഷ്ട്രയില്‍ മൂന്നാം തരംഗം ആരംഭിച്ചതായുള്ള സംശയം ബലപ്പെടാന്‍ കാരണമായി കൊറോണ ദൗത്യസംഘത്തിലെ അംഗമായ ഡോ. ശശാങ്ക് ജോഷി പറഞ്ഞു.
രണ്ടാം തരംഗത്തിന്റെ തുടക്കത്തില്‍ 25,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡെല്‍ഹിയില്‍ ജൂലായ് ഒന്നിനും 11 നും ഇടയില്‍ 870 കേസുകള്‍ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയേക്കാള്‍ കേരളത്തിലാണ് പ്രതിദിന കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലായ് മാസത്തിലെ ആദ്യത്തെ പത്ത് ദിവസത്തിനുള്ളില്‍ കേരളത്തില്‍ 1,28,951 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
രാജ്യത്ത് മൂന്നാം തരംഗം ഏതു സമയത്തും ഉണ്ടാവാമെന്നും, കൊറോണ പ്രതിരോധത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.വാക്സിന് ലഭിച്ചിട്ടില്ലാത്ത ആളുകള്‍ കൂടിച്ചേരുന്നത് മൂന്നാം തരംഗത്തിലെ സൂപ്പര്‍ സ്പ്രെഡിന് കാരണമാവുമെന്നും ഐഎംഎ വ്യക്തമാക്കിയിരുന്നു.