ഉത്തരേന്ത്യയില്‍ ഇടിമിന്നല്‍ ദുരന്തം; ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ 68പേര്‍ മരിച്ചു

ന്യൂഡെല്‍ഹി: ഉത്തരേന്ത്യയില്‍ ഇടിമിന്നല്‍ ദുരന്തത്തില്‍ അനേകര്‍ മരിച്ചു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി 68പേരാണ് മരിച്ചത്. ഉത്തര്‍പ്രദേശിലാണ് ഏറ്റവുംകൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ചയുണ്ടായ ദുരന്തരത്തില്‍ 41പേര്‍ മരിച്ചു. രാജസ്ഥാനില്‍ 20പേരും മധ്യപ്രദേശില്‍ ഏഴുപേരും മരിച്ചു.

കനത്ത മഴ തുടരുന്ന ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ മാത്രം 14 പേര്‍ മരിച്ചു. കാണ്‍പൂര്‍, ദോഹാദില്‍ എന്നിവിടങ്ങളിലായി അഞ്ചുപേര്‍ വീതവും ഫിറോസാബാദ്, കൗഷംബിയില്‍ എന്നിവിടങ്ങളില്‍ 5 പേര്‍ വീതവും മരണപ്പെട്ടപ്പോള്‍ ഉന്നോവ, ചിത്രകൂട് എന്നിവിടങ്ങളില്‍ രണ്ട് വീതം പേരും മരിച്ചു. പ്രതാപ്ഗഡ്, ആഗ്ര, വാരണാസി, റായ്ബറേലി എന്നിവിടങ്ങളിലാണ് മറ്റ് മരണങ്ങള്‍ ഉണ്ടായിരിക്കുന്നത്.

രാജസ്ഥാനില്‍ മരിച്ചവരില്‍ ഏഴുകുട്ടികളും ഉള്‍പ്പെടുന്നു. അമേര്‍ കോട്ടയ്ക്ക് മുകളില്‍ സെല്‍ഫിയെടുക്കാന്‍ കയറിയവരാണ് മരിച്ചത്. അവധി ആഘോഷിക്കാനായി എത്തിയ സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. പത്തുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ജയ്പുരിന് സമീപം 12-ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച കൊട്ടാരം സന്ദര്‍ശിക്കാനെത്തിയ സംഘം വാച്ച് ടവറിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മിന്നലേറ്റത്. കനത്ത മഴ പെയ്യുന്നതിനിടെയാണ് സംഭവം. ഇടിമിന്നലുണ്ടായപ്പോള്‍ വാച്ച് ടവറിന് മുകളില്‍ 27 പേരുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ പരിഭ്രാന്തരായി വാച്ച് ടവറിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയവര്‍ക്കാണ് പരിക്കേറ്റത്.

കാന്‍പൂര്‍, ഫത്തേപ്പൂര്‍ എന്നിവിടങ്ങളില്‍ 5 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോട്ടും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 5 ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.