ഡ്രോൺ ഉപയോഗിച്ച്‌ ആയുധക്കടത്ത്; ജമ്മുകശ്മീരിലെ സാംബയിൽ വൻ ആയുധശേഖരം പിടികൂടി

കാശ്മീർ: ജമ്മുകശ്മീരിലെ സാംബയിൽ വൻ ആയുധ ശേഖരം പിടികൂടി. ഡ്രോൺ ഉപയോഗിച്ചാണ് ആയുധങ്ങൾ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. കശ്മീരിലേക്ക് ഭീകരർ ഡ്രോണിൽ ആയുധം എത്തിക്കുന്നുണ്ടെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

ജമ്മു വിമാനത്താവളത്തിലെ ഡ്രോൺ ആക്രമണത്തിന് മുൻപും ഭീകരർ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന് പലതവണ കണ്ടെത്തിയിരുന്നു. അതിർത്തിക്കപ്പുറത്ത് നിന്നയച്ച നിരവധി ഡ്രോണുകൾ ഇതിനോടകം സുരക്ഷാസേന വെടിവെച്ചിട്ടുണ്ട്. 2019 ആഗസ്റ്റിൽ പഞ്ചാബിലെ അമൃത്സറിൽ ഹെക്‌സാകോപ്ടർ ഡ്രോൺ തകർന്ന നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു.

തൊട്ടടുത്ത മാസം തരൻ താരനിൽ പിടിയിലായ ഭീകരരിൽ നിന്ന് ഡ്രോണുകളിലൂടെ ആയുധക്കടത്ത് നടക്കുന്നതായി വിവരം ലഭിച്ചു. തോക്കുകളും ഗ്രനേഡുകളും വയർലെസും, പണവും ഡ്രോണുകളിലൂടെ കടത്തിയെന്നതായിരുന്നു കണ്ടെത്തിയത്. കഴിഞ്ഞ വർഷം കത്വയിൽ ബിഎസ്ഫ് ഒരു ഡ്രോൺ വെടിവെച്ചിട്ടു.

2020 സെപ്റ്റംബറിൽ തന്നെ ജമ്മുവിൽ ഡ്രോൺ വഴി ആയുധം കടത്തിയ ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. അഖ്‌നൂറിൽ വച്ച്‌ ഡ്രോണുകളിലൂടെ കടത്തിയ ആയുധങ്ങൾ കണ്ടെടുത്തു. പിടിക്കപ്പെടാൻ സാധ്യത കുറവാണെന്നതും വളരെ വേഗത്തിൽ ആയുധങ്ങൾ കടത്താമെന്നതുമാണ് ഭീകരർ ഡ്രോണുകളെ കാര്യമായി ഉപയോഗിക്കാൻ കാരണം.