ന്യൂഡെൽഹി: തെലുങ്കാനയിൽ 1000 കോടിയുടെ നിക്ഷേപത്തിന് ധാരണയിലെത്തിയ കിറ്റെക്സ് ഗ്രൂപ്പിനെ കർണാടത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കിറ്റെക്സിന് എല്ലാ പിന്തുണയും വാഗ്ധാനം ചെയ്തതായി കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു.
കിറ്റെക്സിലെ സാബു ജേക്കബിനോട് സംസാരിച്ചു. കേരളത്തിൽ ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്കുന്ന അദ്ദേഹത്തിന് എല്ലാ പിന്തുണയും വാഗ്ധാനം ചെയ്തു. കർണാടകത്തിൽ നിക്ഷേപം നടത്തുന്നതിന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കേരളത്തില്‍ നിന്ന് കിറ്റെക്സിനെ ആട്ടിയോടിക്കുകയാണെന്ന് എംഡി സാബു.എം. ജേക്കബ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തില്‍ മറ്റൊരു വ്യവസായിക്കും ഈ ഗതി വരരുത്. പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നുവെന്നറിയിച്ചിട്ടും സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും സാബു.എം.ജേക്കബ് പറഞ്ഞു.
തെലങ്കാനയിൽ നാലായിരം പേർക്ക് തൊഴിൽ ലഭിക്കുന്ന ഡീലാണ് കഴിഞ്ഞ ദിവസം കിറ്റക്സ് പ്രഖ്യാപിച്ചിരിക്കുന്നത് ഹൈദരാബാദിൽ നിന്നും 150 കിമീ അകലെയുള്ള വാറങ്കൽ ജില്ലയിലെ കാക്കത്തിയ മെഗാ ടെക്സ്റ്റൈൽ പാർക്കിലാണ് കിറ്റക്സ് ടെക്സ്റ്റൈൽ അപ്പാരൽ പ്രോജക്ട് തുടങ്ങുക. രണ്ടു വർഷം കൊണ്ടാണ് ആയിരം കോടി നിക്ഷേപിക്കുക.
അതേസമയം കിറ്റെക്സ് മാനേജിങ് ഡയറക്ടർ സാബു എം ജേക്കബുമായി നടത്തിയ ചർച്ച വിജയകരമെന്ന് തെലങ്കാന വ്യവസായ മന്ത്രി കെടി രാമറാവു. ട്വിറ്ററിൽ കുറിച്ചിരുന്നു. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കുട്ടികൾക്കുള്ള വസ്ത്രനിർമാതാക്കളായ കിറ്റെക്സ് ഗ്രൂപ്പിന്റെ പ്രവേശനത്തിൽ സന്തോഷമുണ്ടെന്നായിരുന്നു തെലങ്കാന വ്യവസായ മന്ത്രി അറിയിച്ചത്.