ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു; 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് പുറത്താക്കി ജമ്മു കാശ്മീര്‍ ഭരണകൂടം

ന്യൂഡെല്‍ഹി: ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് പുറത്താക്കി ജമ്മു കാശ്മീര്‍ ഭരണകൂടം. രണ്ടു പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍, ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയീദ് സലാഹുദീന്റെ മക്കള്‍ എന്നിവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ ഭീകരസംഘടനകള്‍ക്കായി താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഭരണഘടനയിലെ വകുപ്പ് 311 പ്രകാരമാണ് നടപടിയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ജമ്മുകാശ്മീര്‍ പൊലീസ്, വിദ്യാഭ്യാസം, കൃഷി, നൈപുണ്യ വികസനം, ഊര്‍ജം, ആരോഗ്യം എന്നീ വകുപ്പുകളിലും ശ്രീനഗറിലെ ഷെര്‍-ഐ-കാശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും ജോലി ചെയ്തിരുന്ന 11 പേരെയാണ് പിരിച്ചുവിട്ടത്. നാലു പേര്‍ അനന്ത്‌നാഗ് ജില്ലയില്‍നിന്നും മൂന്നുപേര്‍ ബുഡ്ഗാമില്‍നിന്നും ഉള്ളവരാണ്.

ബാരാമുള്ള, ശ്രീനഗര്‍, പുല്‍വാമ, കുപ്‌വാര ജില്ലികളില്‍നിന്ന് ഒരാള്‍ വീതവുമുണ്ട്. സംശയിക്കുന്നവരെ കണ്ടെത്താനായി ജമ്മു കാശ്മീര്‍ ഭരണകൂടം രൂപീകരിച്ച സമിതിയുടെ തീരുമാനം അനുസരിച്ചാണ് സര്‍വീസില്‍നിന്ന് നീക്കിയതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. നടപടിക്ക് വിധേയരായവര്‍ക്ക് ഹൈക്കോടതിയെ മാത്രമേ സമീപിക്കാന്‍ കഴിയൂ.

സമിതിയുടെ രണ്ടാമത്തെ യോഗത്തില്‍ മൂന്നുപേരെയും നാലാമത്തെ യോഗത്തില്‍ എട്ടു ഉദ്യോഗസ്ഥരെയും പുറത്താന്‍ ശുപാര്‍ശ നല്‍കുകയായിരുന്നു. സയീദ് അഹമ്മദ് ഷക്കീല്‍, ഷാഹിദ് യൂസഫ് എന്നിവരാണ് പുറത്താക്കിയവരുടെ കൂട്ടത്തിലുള്ള പ്രമുഖ പേരുകള്‍. ഇവരാണ് ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയീദ് സലാഹുദീന്റെ മക്കള്‍.

ജമ്മു കാശ്മീരില്‍ തിരയുന്ന വലിയ കുറ്റവാളിയാണ് ഇയാള്‍. മക്കളില്‍ ഒരാള്‍ ശ്രീനഗറിലെ സ്‌കിംസില്‍ ജോലി നോക്കുകയായിരുന്നു. രണ്ടാമത്തെയാള്‍ വിദ്യാഭ്യാസ വകുപ്പിലും. ഭീകരര്‍ക്കായി ധനസമാഹരണം നടത്തിയതിനാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്.